Fincat

പകരക്കാരുടെ ഗോളില്‍ എസ്പാന്യോള്‍ വീണു; കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്‌സലോണയ്ക്ക് ആവേശവിജയം


ലാലിഗയിലെ കറ്റാലന്‍ ഡെര്‍ബിയില്‍ എസ്പാന്യോളിനെ വീഴ്ത്തി ബാഴ്‌സലോണ. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.പകരക്കാരായി ഇറങ്ങിയ ഡാനി ഒല്‍മോയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് ബാഴ്‌സയ്ക്ക് വേണ്ടി വലകുലുക്കിയത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് ഗോളുകള്‍ പിറന്നത്. 86-ാം മിനിറ്റില്‍ ഫെർമിൻ ലോപ്പസിന്റെ പാസില്‍ നിന്ന് ഡാനി ഒല്‍മോയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 90-ാം മിനിറ്റില്‍ ലെവൻഡോവ്‌സ്കി രണ്ടാം ഗോളും കണ്ടെത്തി. ഫെർമിൻ ലോപ്പസ് തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. ഇതോടെ ബാഴ്സ മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.
തുടർച്ചയായ ഒൻപതാം ലീഗ് വിജയമാണ് ബാഴ്‌സ ഇതോടെ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സയ്ക്ക് ഈ വിജയത്തോടെ തൊട്ടുപിന്നിലുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലെത്താൻ സാധിച്ചു.