‘ഏകാധിപതികളെ കൈകാര്യം ചെയ്യാൻ ട്രംപിന് അറിയാം’; മഡുറോയെ ബന്ദിയാക്കിയ യുഎസ് നടപടിയെ പിന്തുണച്ച് സെലൻസ്കി

കീവ്: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയ സംഭവത്തില്‍ പ്രസിഡൻ്ര് ഡോണ്‍ള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്‌കി.ഏകാധിപതികളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന അമേരിക്കയ്ക്ക് അടുത്തതായി എന്ത് ചെയ്യണമെന്നും അറിയാമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ൻ ഫോമിനോട് സംസാരിക്കവെയായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം.
വെനസ്വേലയില്‍ അമേരിക്ക നടത്തിയ അധിനിവേശത്തില്‍ പ്രതികരിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയും രംഗത്തെത്തി. മഡുറോയുടെ ഭരണകൂടം എല്ലാ അര്‍ത്ഥത്തിലും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് ആന്‍ഡ്രി സിബിയ പ്രതികരിച്ചു. സ്വേച്ഛാദിപത്യം, അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനം എന്നിവയ്‌ക്കെതിരെ എപ്പോഴും നിലകൊള്ളുന്ന രാജ്യമാണ് യുക്രെയ്ൻ. മഡുറോ വെനസ്വേലയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം നിഷേധിച്ചു. ലോകത്തെ ജനാധിപത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും മഡുറോ ഭരണകൂടം നടത്തുന്ന അക്രമം, പീഡനം, വ്യാപകമായ കുറ്റകൃത്യങ്ങള്‍, വോട്ട് മോഷണം തുടങ്ങിയ സംഭവങ്ങളില്‍ പലതവണ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ആന്‍ഡ്രി സിബിഹ എക്‌സില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുകയും അതിനെതിരെ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തുകയും ചെയ്ത മഡുറോയുടെ പ്രവൃത്തികളെ യുക്രെയ്ൻ പിന്തുണയ്ക്കില്ലെന്നും ആന്‍ഡ്രി സിബിഹ പ്രതികരിച്ചു. വെനസ്വേലയിലെ ജനങ്ങള്‍ക്ക് സാധാരണ ജീവിതം, സുരക്ഷ, സമൃദ്ധി തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാകണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ട അത്തരം സമത്വത്തിനും സ്വാതന്ത്ര്യത്തിനും ഇനിയും പോരാടും. ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന ലോകമെമ്ബാടുമുള്ള ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആന്‍ഡ്രി സിബിഹ പറഞ്ഞു.
അതേസമയം അമേരിക്കയുടെ നടപടിക്കെതിരെ റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇത് ആയുധം ഉപയോഗിച്ചുള്ള കടന്നാക്രമണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍റെ പ്രതികരണം. അമേരിക്ക വെനസ്വേല ആക്രമിച്ച് കീഴടക്കുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെും ബന്ദികളാക്കുകയും ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നെന്നും പുടിന്‍ വ്യക്തമാക്കി. വെനസ്വേലയില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിന് കാര്യമായ അടിസ്ഥാനമില്ല. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും പുടിന്‍ പ്രതികരിച്ചു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമായി രാജ്യത്ത് അധിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് മഡുറോയെയും സീലിയെയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അധിക്രമിച്ച് നടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ഇതിന് ശേഷം വെനസ്വേല യുഎസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. മഡുറോയെയും സീലിയയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അമേരിക്കന്‍ ലഹരിവിരുദ്ധ സേന മഡുറോയെ ചോദ്യം ചെയ്യും. മറുഡോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിച്ച ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
മഡുറോയെ ബന്ദിയാക്കിയതിനെ ചൊല്ലി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഭിന്നത രൂപപ്പെട്ടു. അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു. സൈനിക കടന്നുകയറ്റം ശരിയല്ലെന്നായിരുന്നു ഉറുഗ്വേയുടെ പ്രതികരണം. അതേസമയം മഡുറോയുടെ പതനം ആഘോഷിക്കുമെന്നായിരുന്നു അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ പറഞ്ഞത്.
