ഡിഫ ചാമ്പ്യന്‍സ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കമാകും

സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 24 ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് ടൂര്‍ണമെന്റിന് ദമാം വിന്നേഴ്സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും. ബിസിനസ് രംഗത്തെ പ്രമുഖരായ എച്.എം.ആര്‍ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകര്‍.

ഡിഫക്ക് കീഴില്‍ രണ്ട് വര്‍ഷത്തോളമായി നടന്ന് വന്ന ടൂര്‍ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളില്‍ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനല്‍ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂര്‍ണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനില്‍ക്കും. റമദാനില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല. വിജയികള്‍ക്ക് ട്രോഫിയും കാശ് അവാര്‍ഡും സമ്മാനിക്കും. ടൂര്‍ണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴില്‍ ലീഗ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാല്‍പന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തില്‍ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പതിനേഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികള്‍ പറഞ്ഞു. 24 ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡിഫയില്‍ ആയിരത്തില്‍ പരം പ്രൊഫഷണല്‍ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്‍ണമെന്റുകള്‍ക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം. പ്രവാസികളില്‍ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്‌ബോള്‍ വികാസത്തിനായി നിരവധി പ്രവര്‍ത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളും ഡിഫക്ക് കീഴില്‍ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകര്‍ വിശദീകരിച്ചു. ക്ലബുകള്‍ക്ക് കീഴിലുള്ള കുട്ടികള്‍ക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡിഫ പ്രസിഡന്റും ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാനുമായ ഷമീര്‍ കൊടിയത്തൂര്‍, ജനറല്‍ കണ്‍വീനര്‍ മുജീബ് കളത്തില്‍, ജനറല്‍ സെക്രട്ടറി റഷീദ് മാളിയേക്കല്‍, ട്രഷറര്‍ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റര്‍ ആസിഫ് മേലങ്ങാടി എന്നിവര്‍ പങ്കെടുത്തു.

