കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി

കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കെെമാറാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. യൂണിവേഴ്സിറ്റിയുടെ അക്കൗണ്ടുകൾ കെെകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട് വി.സി പരിശോധിച്ചു.

എന്നാൽ മൂന്നുവർഷം പിന്നിട്ടിട്ടും സർവകലാശാലയ്ക്ക് നഷ്ടപ്പെട്ട 17 ലക്ഷം രൂപ മടക്കി ലഭിക്കാത്തതിലുള്ള വീഴ്ച കണ്ടെത്തണമെന്നാണ് വി.സിയുടെ നിലപാട്. ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അന്വേഷണം പോലീസിന് കൈമാറാനുള്ള തീരുമാനം.
ഫണ്ട് നഷ്ടപ്പെട്ടതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകി. കേരളസർവകലാശാല ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിൽ നടന്ന സെമിനാറിൽ ഓൺലൈനിലൂടെ പ്രഭാഷണം നടത്തിയതിന് ഇരുപതിനായിരം രൂപയ്ക്ക് പകരം ഇരുപതിനായിരം ഡോളർ വിദേശ ജേർണലിസ്റ്റിന് കെെമാറിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

