Fincat

സ്വര്‍ണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും


2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്.പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ല്‍ ലഭിച്ചതു പോലുള്ള അസാധാരണമായ നേട്ടം പ്രതീക്ഷിക്കാനാകില്ലെങ്കിലും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും വില വീണ്ടും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

വെള്ളി എന്ന വെളുത്ത സ്വര്‍ണം
വെള്ളി വിലയിലെ ശക്തമായ മുന്നേറ്റം തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ് സില്‍വര്‍ വിലയിലെ അനുപാതം നല്‍കുന്ന സൂചന. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്നതിന് എത്ര ഔണ്‍സ് വെള്ളി ആവശ്യമായി വരുമെന്നതാണ് ഗോള്‍ഡ് സില്‍വര്‍ അനുപാതം സൂചിപ്പിക്കുന്നത്. ഈ ലോഹങ്ങള്‍ ചെലവേറിയതാണോ എന്ന് നിര്‍ണയിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന മാനദണ്ഡമാണിത്. ഗോള്‍ഡ് സില്‍വര്‍ റേഷ്യോ ഉയര്‍ന്ന നിലയിലാകുമ്ബോള്‍ സ്വര്‍ണത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ് വെള്ളി എന്ന് കണക്കാക്കും. ഗോള്‍ഡ് സില്‍വര്‍ റേഷ്യോ നിലവില്‍ 60 ആണ്. അതായത് ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്നതിന് 60 ഔണ്‍സ് വെള്ളി ആവശ്യമായി വരുന്നു.

1 st paragraph

ഡിസംബര്‍ ആദ്യം 72 ആയിരുന്ന ഗോള്‍ഡ് സില്‍വര്‍ റേഷ്യോ ഡിസംബര്‍ അവസാനം 60 ആയി. ഇതിനിടയില്‍ വെള്ളിയുടെ വിലയിലുണ്ടായ വര്‍ധന 35 ശതമാനമാണ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ തമ്മിലുള്ള അനുപാതത്തിന്റെ ഇതുവരെയുള്ള ശരാശരി 50:1 ആണ്. ഈ നിലയിലേക്ക് എത്തണമെങ്കില്‍ വെള്ളിയുടെ വില ഇനിയും ഉയരേണ്ടതുണ്ട്. 72ല്‍ നിന്നും 60ലേക്ക് എത്തുന്നതിനിടയില്‍ വെള്ളി വില 35 ശതമാനം ഉയര്‍ന്നത് കണക്കിലെടുക്കുമ്ബോള്‍ ഇത് 50ലേക്ക് എത്തുമ്ബോഴേക്കും ഗണ്യമായ വര്‍ധന തുടര്‍ന്നും വെള്ളി വിലയില്‍ പ്രതീക്ഷിക്കാം.

സ്വര്‍ണത്തില്‍ നിന്ന് വ്യത്യസ്തമായി വ്യവസായിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന ലോഹമാണ് വെള്ളി. അതിനാല്‍ വെള്ളിയുടെ വിലയിലെ കയറ്റിറക്കങ്ങളില്‍ വ്യാവസായിക ഡിമാന്റ് ഒരു പ്രധാന ഘടകമാണ്. സപ്ലൈയും ഡിമാന്റും തമ്മിലുള്ള അന്തരം, വ്യവസായ മേഖലയിലെ അനുകൂല സാഹചര്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍ വെള്ളി വില തുടര്‍ന്നും ഉയരാനാണ് സാധ്യത. സൗരോര്‍ജ മേഖലയുടെ വളര്‍ച്ച ശക്തമായിരിക്കെ വെള്ളിയുടെ വ്യാവസായിക ഡിമാന്റ് വര്‍ധിക്കും. ഇലക്‌ട്രിക് വാഹന നിര്‍മാണം, ടെലികോം തുടങ്ങിയ മേഖലകളില്‍ നിന്നും വെള്ളിക്ക് വലിയ ഡിമാന്റാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളും 5 ജിയും കൂടുതല്‍ വ്യാപിക്കുമെന്നിരിക്കെ അതിന് അനുസരിച്ച്‌ വെള്ളിയുടെ വ്യാവസായിക ആവശ്യകത ഉയരും.

2nd paragraph

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖനികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുകയും റീസൈക്കിള്‍ ചെയ്യപ്പെടുകയും ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ് വെള്ളി ഡിമാന്റ്. ഡിമാന്റ് ഇത്രയും ഉയര്‍ന്നു നില്‍ക്കെ അതിന് അനുസൃതമായ വര്‍ധന വെള്ളിയുടെ ഉല്‍പ്പാദനത്തില്‍ ഉണ്ടാകുന്നില്ല. ഡിമാന്റ് ഉയര്‍ന്നുകൊണ്ടിരിക്കുമ്ബോഴും പുതിയ വെള്ളി ഖനികള്‍ അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. വെള്ളി ഖനന വ്യവസായത്തിന്റെ മൂല്യം അടുത്ത വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത്.

ആഗോള കറന്‍സിയായി മാറുന്ന സ്വര്‍ണം
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിനുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ യുഎസ് ഡോളറിലുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. പകരം വെക്കാന്‍ മറ്റ് ആഗോള കറന്‍സികളില്ലെന്നിരിക്കെ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചുവരാനാണ് സാധ്യത. ആഗോള കറന്‍സി എന്ന നിലയില്‍ ഡോളറിനുള്ള അമിത ആശ്രിതത്വം കുറയ്ക്കാനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ നാണയ ശേഖരത്തില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടരുന്നിടത്തോളം മഞ്ഞലോഹത്തിന്റെ ഡിമാന്റ് ഉയര്‍ന്നുനില്‍ക്കും.

പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയിലും സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിച്ചു വരികയാണ്. 1979നു ശേഷം ഒരു വര്‍ഷം സ്വര്‍ണ വിലയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധനയുണ്ടാകുന്നത് 2025ലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വം തുടരുകയാണ്. രാജ്യാന്തര ബന്ധങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്ബോള്‍ സ്വര്‍ണം സുരക്ഷിതമായ മൂല്യ സംഭരണിയായി കണക്കാക്കപ്പെടുന്നതിനാല്‍ സ്വര്‍ണത്തിലെ മുന്നേറ്റ പ്രവണത തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അടുത്ത വര്‍ഷം അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് മൂന്ന് തവണ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ ശക്തമായിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തില്‍ യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചത് സ്വര്‍ണത്തിന്റെ വില ശക്തമായി ഉയരുന്നതിന് വഴിയൊരുക്കിയിരുന്നു.
യുഎസ്സിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷവും പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയത്. പലിശനിരക്ക് കുറയുന്നത് സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതിന് വഴിയൊരുക്കും.
ഡിസംബര്‍ അവസാനമാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വില ആദ്യമായി 4500 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നത്. ഔണ്‍സിന് 5,000 ഡോളറിലേക്ക് സ്വര്‍ണ വില ഉയരുമെന്നാണ് പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നത്.