ഇടതുപക്ഷം ഇല്ലാത്ത കേരളം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നില്ല, നാളെ നയം തിരുത്തിയാൽ ഞങ്ങൾ സ്വീകരിക്കും; ജമാഅത്തെ ഇസ്ലാമി കേരള അമീർ

ഇടതുപക്ഷം ഇല്ലാത്ത കേരളം ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ. ഇടതുപക്ഷം കൂടിയുള്ള കേരളമാണ് ആഗ്രഹിക്കുന്നത്. അധികാരത്തിന്റെ ആവർത്തനത്തിന് വേണ്ടി ഇടതുപക്ഷത്തെ നേതാക്കൾ റദ്ദ് ചെയ്യുന്നു. അത് എന്തുകൊണ്ടാണ് നേതാക്കൾ ചിന്തിക്കണം. വർഗീയ രാഷ്ട്രീയ ഉപയോഗത്തിൽ നിന്ന് സിപിഐഎം പിന്മാറണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ ആവശ്യപ്പെട്ടു.

കേരളത്തിലും വംശഹത്യ നടന്നു. ബംഗ്ലാദേശി എന്നു സംശയിച്ച് ഒരാളെ തല്ലിക്കൊന്നു. ജമാഅത്തെ ഇസ്ലാമിയെ ടൂൾ ആക്കി ഇടതുപക്ഷം വർഗീയ രാഷ്ട്രീയം പറയുന്നു. സംഘപരിവാർ അധികാരത്തിൽ വരാതിരിക്കേണ്ടത് ന്യൂനപക്ഷത്തിന്റെ മാത്രമല്ല രാജ്യത്തിൻറെ ആവശ്യമാണ്. അപകടകരമായ നീക്കമാണ് സിപിഐഎം ചെയ്യുന്നത്.
2011 വരെ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി ഇടപെട്ടിട്ടുള്ളൂ. 2016 ന് ശേഷം സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിനുശേഷം തിരഞ്ഞെടുപ്പിൽ ഇടപെടാറില്ല, ഇടപെട്ടിട്ടുമില്ല. ഇടതുപക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലും വോട്ട് നൽകി. ബിജെപിയെ തോൽപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നും മുജീബ് റഹ്മാൻ വിമർശിച്ചു.

നാദാപുരം കലാപത്തിൽ സിപിഐഎം എന്താണ് ചെയ്തത്. എന്തിന് നിയമം കൈയിലെടുത്തു. ഒരുപാട് കൊലപാതകങ്ങളുടെയും ക്വട്ടേഷന്റെയും രക്തത്തിൻറെ കറ പറ്റിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐഎം. ടി പി ചന്ദ്രശേഖരനെ കൊന്നശേഷം എന്തിന് വാഹനത്തിൽ മാഷാ അള്ളാ എന്ന് എഴുതിച്ചേർത്തു.
എ കെ ബാലൻ അഭിനവ ഗീബൽസ് ആകരുത്. മാറാട് BJP പോലും രാഷ്ട്രീയ ആയുധമാക്കുന്നില്ല. വിവേകമുള്ള ആരും ഇനിയും ആ പ്രസ്ഥാനത്തിൽ ഇല്ലേ?. സിപിഐഎം ന്യൂനപക്ഷ വിരുദ്ധ പാർട്ടിയാണെന്ന് അഭിപ്രായമല്ല. പക്ഷെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ഇപ്പോൾ സിപിഐഎം സ്വീകരിക്കുന്നത്. വെള്ളാപ്പള്ളിയെ പുറത്തും, എ കെ ബാലനെ അകത്തും നിർത്തി നടത്തുന്ന ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണം.
ഇത്തരം കാര്യങ്ങൾ അവരെ കൊണ്ട് പറയിപ്പിക്കുന്നതാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള നിയമസഭ മണ്ഡലങ്ങളിൽ വിജയസാധ്യത ഉള്ള മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യും. മത രാഷ്ട്രം എന്ന ആശയം ഇതുവരെ ജമാഅത്തെ ഇസ്ലാമി ഉന്നയിച്ചിട്ടില്ല. ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമായ നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ഞങ്ങൾ പ്രതിരോധിക്കും. ഇന്ന് സിപിഎമ്മിനെ നമ്മൾ എതിർക്കുന്നു. നാളെ നയം തിരുത്തിയാൽ ഞങ്ങൾ സ്വീകരിക്കുമെന്നും മുജീബ് റഹ്മാൻ വ്യക്തമാക്കി.
