പി വി അൻവർ എവിടെ നിന്നാലും വിജയിക്കും, കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പി വി അൻവറിന് എവിടെ നിന്നാലും വിജയസാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ . അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന് നേതൃത്വം ആണ് പറയേണ്ടത്. അൻവറിന് എവിടെ വേണമെങ്കിലും മത്സരിക്കാം. കോഴിക്കോട് നിന്നാൽ കോഴിക്കോട്ടെ ജനങ്ങൾ വിജയിപ്പിക്കുമെന്നു പ്രവീൺ കുമാർ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ്, സ്ഥാനാർഥി പട്ടിക തയ്യാറാണ്. നേതൃത്വം ആവശ്യപ്പെട്ടാൽ ശുപാർശ പട്ടിക കൈമാറും. താഴെത്തട്ടിൽ ഉള്ളവരുടെ വികാരം മനസ്സിലാക്കുന്ന നേതൃത്വം ആണ്. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് 13ൽ 13 സീറ്റും നേടും. കൊയിലാണ്ടി കേന്ദ്രീകരിച്ച് മാത്രമല്ല തന്റെ പ്രവർത്തനം.
വർഗീയവാദികളുടെ വോട്ടു പിടിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം എന്ന മെഹബൂബിന്റെ പരാമർശം, തോറ്റവന്റെ പരിദേവനം മാത്രം. അഴിയൂരിൽ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് എൽഡിഎഫ് ഭരിക്കുന്നത്. അവർക്ക് തങ്ങളെക്കുറിച്ച് പറയാൻ അർഹതയില്ല. പി എം നിയാസിന്റെ തോൽവിയിൽ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പ്രവീൺ കുമാർ വ്യക്തമാക്കി.

