വാടകയ്ക്കെടുത്ത വസ്ത്രങ്ങളിൽ ന്യൂയോർക്കിന്റെ പുതിയ പ്രഥമ വനിത; ശ്രദ്ധേയയായി റാമ ദുവാജിയുടെ ഫാഷൻ

2026-ൽ ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സൊഹ്‌റാൻ മംദാനി സ്ഥാനമേറ്റു. മാൻഹാട്ടനിലെ സിറ്റി ഹാളിന് സമീപമുള്ള ഓൾഡ് സിറ്റി ഹാൾസബ്വേ സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യ റാമ ദുവാജി ധരിച്ചിരുന്നത് വാടകയ്ക്കെടുത്ത വസ്ത്രങ്ങളായിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വസ്ത്രങ്ങൾ വാടകയ്ക്കെടുക്കാം, കടം വാങ്ങാം, പഴയവ മിനുക്കി ഉപയോഗിക്കാം, പങ്കുവെക്കാം എന്നെല്ലാമുള്ള ശക്തമായ ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റാണ് അവരുടേത്. ലളിതമായ മേയർ സ്ഥാനാരോഹണ ചടങ്ങിൽ, ഭർത്താവ് സോഹ്റാൻ മാംദാനിക്കൊപ്പം തന്റെ തനതായ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് അവർ എത്തിയത്. ഗബ്രിയേല കരേഫ-ജോൺസൺ ആണ് മാംദാനിയെയും ദുവാജിയെയും സ്‌റ്റൈൽ ചെയ്തത്.

അർദ്ധരാത്രിയിൽ നടന്ന ചടങ്ങിനായി ‘അൽബ്രൈറ്റ് ഫാഷൻ ലൈബ്രറി’യിൽ നിന്ന് വാടകയ്ക്കെടുത്ത വിന്റേജ് ബാലെൻസിയാഗ കോട്ടും ‘ന്യൂയോർക്ക് വിന്റേജി’ൽ നിന്നുള്ള സ്വർണ്ണ കമ്മലുകളുമാണ് റാമ ധരിച്ചിരുന്നത്. ഇതിനൊപ്പം ‘ഫ്രാങ്കി ഷോപ്പി’ൽ നിന്നുള്ള ഫോർമൽ ഷോർട്സും ‘മിസ്റ്റ’യിൽ നിന്നുള്ള ബൂട്ട്സും അവർ അണിഞ്ഞു. ഇവയെല്ലാം തന്നെ വാടകയ്ക്കെടുത്തവയായിരുന്നു.
‘സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് റാമയുടെ രീതിയാണ്. അതുകൊണ്ട് തന്നെ ഇത്രയും വലിയൊരു നിമിഷത്തിൽ ഈ രീതി പിന്തുടരുന്നത് തന്നെയാണ് ഏറ്റവും ഉചിതമെന്ന് തോന്നി,’ ഗബ്രിയേല കുറിച്ചു.

അമിതവിലയുള്ള ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുന്നു എന്ന വിമർശനങ്ങളെ ഒഴിവാക്കാൻ അവർക്ക് സാധിച്ചു. പ്രത്യേകിച്ച്, അവരുടെ ഭർത്താവ് ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ആയി മത്സരിച്ച പശ്ചാത്തലത്തിൽ. ന്യൂയോർക്കിന്റെ പ്രഥമ വനിത എന്ന നിലയിൽ, റാമ പരമ്പരാഗതമായ വസ്ത്രധാരണ രീതികളെ പിന്തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നു.
ഫാഷൻ വ്യവസായം ആഗോള കാർബൺ ഉദ്വമനത്തിന്റെ 10 ശതമാനത്തിന് കാരണമാകുന്ന സാഹചര്യത്തിൽ, വസ്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നത് പരിസ്ഥിതി സൗഹൃദമായ ഒരു തീരുമാനമാണ്. ഇന്ത്യയിലും ഇപ്പോൾ വിവാഹ വസ്ത്രങ്ങളും മറ്റും വാടകയ്ക്കെടുക്കുന്ന രീതി വ്യാപകമായി വരുന്നുണ്ട്.
രാമ ദുവാജിയുടെയും സോഹ്റാൻ മാംദാനിയുടെയും പ്രണയം തുടങ്ങുന്നത് 2021-ൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ്. 2024 ഒക്ടോബറിൽ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചു. ദുബായിൽ നടന്ന നിക്കാഹിനും ആഘോഷങ്ങൾക്കും ശേഷം 2025 ഫെബ്രുവരിയിൽ ന്യൂയോർക്കിൽ വെച്ച് ഇവർ സിവിൽ വിവാഹം നടത്തി.
