പഞ്ചസാരയ്ക്ക് മാത്രമല്ല, യുഎഇയില്‍ ഇനി മുതല്‍ ഭക്ഷണത്തിലെ ഉപ്പിനും നിയന്ത്രണം വരുന്നു: പുതിയ മാനദണ്ഡം ഇറക്കും

ദുബായ്: പഞ്ചസാരയ്ക്ക് പിന്നാലെ ഭക്ഷണ സാധനങ്ങളിലെ ഉപ്പിന്റെ അളവിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.ഹൃദയരോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം. കഴിഞ്ഞ വർഷം നടത്തിയ രാജ്യവ്യാപകമായ രക്താതിസമ്മർദ്ദ പരിശോധനയില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രാജ്യത്തെ ആദ്യത്തെ സമഗ്ര പോഷകാഹാര സർവേയുടെ ഫലങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്. സർവേയില്‍ 96.2 ശതമാനം താമസക്കാരും ശുപാർശിത പരിധിക്കപ്പുറം സോഡിയം ഉപയോഗിക്കുന്നതായി വ്യക്തമായി. ഉയർന്ന സോഡിയം ഉപഭോഗം രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കതകരാറുകള്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.

ബേക്കറി ഉല്‍പ്പന്നങ്ങള്‍, പായ്ക്ക് ചെയ്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍, ബ്രെഡ് തുടങ്ങിയവയിലെ ഉപ്പിന്റെ അളവ് കർശനമായി നിയന്ത്രിക്കാനാണ് പദ്ധതി. ഭക്ഷ്യ നിർമ്മാതാക്കള്‍ക്കും ബേക്കറികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്തും.
“ബേക്കറികള്‍ക്കും ഭക്ഷ്യ നിർമ്മാതാക്കള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ബ്രെഡ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ ഉപ്പിന്റെ അളവ് നിർദ്ദിഷ്ട പരിധിയില്‍ നിർത്തണം,” ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ മേഖല അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുള്‍ റഹ്മാൻ അല്‍ റാന്ദ് പറഞ്ഞു.

ഇത് ദേശീയ പോഷകാഹാര തന്ത്രം 2022-2030-ന്റെ ഭാഗമാണ്. ഇതിന്റെ ലക്ഷ്യം 2030-ഓടെ ശരാശരി ഉപ്പ് ഉപഭോഗം 30 ശതമാനം കുറയ്ക്കുകയാണ്. പഞ്ചസാരയ്ക്ക് നികുതി ഏർപ്പെടുത്തിയതിന് സമാനമായി ഉപ്പിന്റെ കാര്യത്തിലും ഭക്ഷണങ്ങള്‍ പുനർനിർമ്മിക്കല്‍ (reformulation) വഴി നിയന്ത്രണം നടപ്പാക്കാനാണ് പദ്ധതി.
ആരോഗ്യ മന്ത്രാലയം സോഡിയം കുറഞ്ഞ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബലുകള്‍ വായിക്കുക, പുതിയതും ഫ്രോസണുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കുറയ്ക്കുക എന്നിവയാണ് നിർദേശങ്ങള്‍.
