അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റ്; ചണ്ഡീഗഢിനെ 63 റണ്‍സിന് തോല്‍പ്പിച്ച് കേരളം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റില്‍ മൂന്നാം വിജയവുമായി കേരളം. 63 റണ്‍സിനാണ് കേരളം ചണ്ഡീഗഢിനെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് നേടാനായത്.
സ്കോർ – കേരളം 35 ഓവറില്‍ 243/5, ചണ്ഡീഗഢ് – 35 ഓവറില്‍ 180/4
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ ആര്യനന്ദയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഇവാന ഷാനിയും ആര്യനന്ദയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടില്‍ 48 റണ്‍സ് പിറന്നു. ഇവാനയും (1 റണ്‍), വൈഗ അഖിലേഷും (10 റണ്‍സ്) കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയെങ്കിലും മറുവശത്ത് ആര്യനന്ദ തകർത്തടിച്ചു.
മൂന്നാം വിക്കറ്റില്‍ ലെക്ഷിദയ്ക്കൊപ്പം 54 റണ്‍സും, നാലാം വിക്കറ്റില്‍ ജുവല്‍ ജീൻ ജോണിനൊപ്പം 89 റണ്‍സും കൂട്ടിച്ചേർത്ത ആര്യനന്ദ അവസാന ഓവറിലാണ് പുറത്തായത്. 118 പന്തില്‍ 22 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 138 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ലെക്ഷിദ ജയൻ 29 റണ്‍സും ജുവല്‍ ജീൻ ജോണ്‍ 21 റണ്‍സും നേടി. ചണ്ഡീഗഢിന് വേണ്ടി ഹിതൻഷി, ആയു എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് ഓപ്പണർ പ്രഭ്ജ്യോത് കൗറിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എന്നാല്‍ റിയ യാദവും നവ്ജ്യോത് ഗുജ്ജറും ചേർന്നുള്ള 95 റണ്‍സ് കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരെയും പുറത്താക്കിയ ആദ്യ ജിനു മത്സരം കേരളത്തിന് അനുകൂലമാക്കി.
റിയ യാദവ് 52-ഉം നവ്ജ്യോത് ഗുജ്ജർ 41-ഉം ആയു 39-ഉം റണ്‍സെടുത്തു. ചണ്ഡീഗഢിൻ്റെ മറുപടി 180 റണ്‍സില്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി ആദ്യ ജിനു രണ്ടും പവിത്ര, ലെക്ഷിദ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

