രാത്രി വൈകി എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ അവസരോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍

ചെന്നൈ: ഡെലിവറി ബോയ്‌യുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടത് ഒരു ജീവന്‍. തമിഴ്‌നാട്ടിലാണ് സംഭവം. ജോലിക്കിടെ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ഡെലിവറി ബോയ് തന്നെയാണ് രംഗത്തെത്തിയത്.എലിവിഷം കഴിച്ച് ജീവനൊടുക്കാനായിരുന്നു യുവതിയുടെ ശ്രമം. ഇത് മനസിലാക്കിയ യുവാവ് യുവതിയെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
രാത്രി വൈകിയായിരുന്നു യുവതി എലിവിഷം ഓര്‍ഡര്‍ ചെയ്തത്. ആദ്യം ഓര്‍ഡര്‍ എടുക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായതായി യുവാവ് പറയുന്നു. വീണ്ടും ആലോചിച്ചപ്പോള്‍ ഓര്‍ഡര്‍ സ്വീകരിക്കാമെന്നും അവിടെ വരെ പോയി നോക്കാമെന്നും തീരുമാനിക്കുകയായിരുന്നു. സ്ഥലത്തെത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന യുവതിയെയായിരുന്നു കണ്ടതെന്ന് യുവാവ് പറയുന്നു.

ആ സമയം എലിവിഷം ഓര്‍ഡര്‍ ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നാണ് യുവതിയോട് ചോദിച്ചത്. എലി ശല്യമുണ്ടെങ്കില്‍ പകല്‍ സമയത്തോ രാത്രിയാകും മുന്‍പോ അല്ലെങ്കില്‍ നാളെയോ വാങ്ങിയാല്‍ മതിയായിരുന്നു. ഇപ്പോഴിതാ രാത്രി വൈകി ഓര്‍ഡര്‍ ചെയ്തിരിക്കുന്നു. അത് മാത്രമല്ല കരയുകയും ചെയ്യുന്നു. സ്വയം ജീവിതം അവസാനിപ്പിക്കാനായിരുന്നോ തീരുമാനമെന്നും യുവതിയോട് ചോദിച്ചതായി യുവാവ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. യുവതിയെ ആശ്വസിപ്പിച്ച ശേഷം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യിക്കുകയാണ് ചെയ്തതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പേര്‍ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തി. നമ്മുടെ ലോകം നിലനില്‍ക്കുന്നത് ഇത്തരത്തിലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് ഒരാള്‍ കമന്റിട്ടു. യുവാവിന് ഉചിതമായ പാരിതോഷികം കമ്ബനി നല്‍കണമെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. റോബോര്‍ട്ടോ മറ്റോ ആയിരുന്നെങ്കില്‍ എലിവിഷം ഡെലിവറി ചെയ്ത് പോകുമായിരുന്നു എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
