Fincat

20 വര്‍ഷം പ്രവാസി, 39-ാം വയസില്‍ വിടവാങ്ങി ഷബീര്‍; ഉമ്മയുടെ മരണത്തിന് പിന്നാലെ വിയോഗം


വയനാട് നായ്ക്കട്ടി സ്വദേശി ഷബീർ (39) അന്തരിച്ചു. പിത്താശയത്തിലെ കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് മരണം.20-ാം വയസില്‍ പ്രവാസ ജീവിതം തുടങ്ങിയ ഷബീർ 20 വർഷമായി ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷാഘാതം ബാധിച്ച്‌ കിടപ്പിലായിരുന്ന ഉമ്മ സഫിയ മരണപ്പെട്ട് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് മകന്റെ മരണവും സംഭവിച്ചിരിക്കുന്നത്.

ദുബായിലും സൗദിയിലും പിന്നീട് ഷാർജയിലുമായിരുന്നു ജോലി ഷബീർ ചെയ്തിരുന്നത്. മൂന്ന് സഹോദരിമാരുടെ വിവാഹവും കുടുംബത്തിലെ കഷ്ടപ്പാടുകളും തീർക്കാനായി വർഷങ്ങളോളം പ്രവാസലോകത്ത് കഠിനാധ്വാനത്തിലായിരുന്നു ഷബീർ. ജോലിത്തിരക്കിനിടയില്‍ വിട്ടുമാറാതെ പിന്തുടർന്ന നടുവേദനയെ അവഗണിച്ചും ഷബീർ തന്റെ കുടുംബത്തിന് വേണ്ടി അധ്വാനിക്കുമായിരുന്നു. ഒടുവില്‍ നടുവേദന മാറുന്നതിനും കിടപ്പിലായ ഉമ്മയുടെ ചികിത്സയ്ക്കുമായും നാട്ടിലെത്തിയപ്പോഴാണ് ഷബീറിന് അപ്രതീക്ഷിതമായി കാൻസർ ബാധിക്കുന്നത്.

1 st paragraph

നടത്തിയ ചികിത്സകളൊന്നും ഫലം കാണാതെ വന്നതോടെയാണ് ഷബീർ മരണത്തിന് കീഴടങ്ങിയത്. സാമൂഹിക-വിദ്യാഭ്യാസ-മത-സാംസ്കാരിക സംഘടനകളില്‍ ഷബീർ സജീവമായിരുന്നു. ഷബീറിന്റെ മയ്യിത്ത് നിസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് നായ്ക്കട്ടി ജുമാ മസ്ജിദില്‍ നടന്നു. അബൂട്ടിയാണ് പിതാവ്. ഭാര്യ: ഷബാന. മക്കള്‍: നൂഹ് (7), ലൂത്ത് (മൂന്നര). സഹോദരങ്ങള്‍: ഷബീന, ഹസീന, ഷക്കീല.