ചെറുവിമാനം തകര്‍ന്ന് വീണു; ആറ് പേര്‍ക്ക് പരിക്ക്

ഭുബനേശ്വർ: ഒഡീഷയിലെ റൂർക്കലയില്‍ ചെറുവിമാനം തകർന്ന് വീണ് അപകടം. റൂര്‍ക്കലയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.
ഒൻപത് സീറ്റുകളുള്ള ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് യാത്രക്കാരും ഒരു പൈലറ്റും അടക്കം ഏഴ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റൂർക്കലയില്‍ നിന്ന് പറന്നുയർന്ന് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ചെറുവിമാനം അപകടത്തില്‍പ്പെട്ടത്.
അപകടം നടന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ബന്ധപ്പെട്ട ആളുകള്‍ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല. ഭുവനേശ്വറില്‍ നിന്നുള്ള ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പാർട്ടുകള്‍. അപകടകാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.

