വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട കുവൈത്ത്; ഇവിടെ ജലക്ഷാമം പരിഹരിക്കുന്നത് ഇങ്ങനെ

ഭൂമിയില്‍ ഏറ്റവും വലിയ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കുവൈത്ത്. ഈ രാജ്യത്തിന്റെ ഭൂപ്രകൃതി ഏതാണ്ട് പൂർണ്ണമായും വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്.സ്വന്തമായി നദികളോ തടാകങ്ങളോ വറ്റാത്ത അരുവികളോ കുവൈത്തിലില്ല. എന്നാല്‍ ഈ അസാധാരണ സാഹചര്യത്തിലും കുവൈത്ത് ജനതയ്ക്ക് കൃത്യമായി ജലം ലഭിക്കാറുണ്ട്.
കുവൈത്തില്‍ ഒരു വർഷം ശരാശരി 120 മില്ലീമീറ്ററില്‍ താഴെ മാത്രമാണ് മഴ ലഭിക്കാറുള്ളത്. എന്നാല്‍ ഈ മഴയില്‍ നിന്നുമുള്ള വെള്ളം അധിക സമയം നിലനില്‍ക്കാറില്ല. കഠിനമായ ചൂട് കാരണം മഴവെള്ളം ശേഖരിക്കാനോ വീണ്ടും ഉപയോഗിക്കാനോ കഴിയാറില്ല. കുവൈത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഭൂരിഭാഗവും കടല്‍ ജലം ശുദ്ധീകരിച്ചതാണ്. കുടിവെള്ളത്തിന്റെ 90 ശതമാനത്തിലധികവും ഉത്പാദിപ്പിക്കുന്നത് അറേബ്യൻ ഗള്‍ഫില്‍ നിന്ന് എടുക്കുന്ന കടല്‍വെള്ളം വലിയ തീരദേശ പ്ലാന്റുകളില്‍ ശുദ്ധീകരിച്ചാണ്.

കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുവൈത്തിലെ ദൈനംദിന ജീവിതത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഉപയോഗിക്കുന്നത്. വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും പൊതുസേവനങ്ങള്‍ക്കും ഈ ജലം ലഭ്യമാക്കുന്നുണ്ട്. കടല്‍ജലം ശുദ്ധീകരിച്ചതിന്റെ ഭൂരിഭാഗവും കുടിവെള്ള ആവശ്യങ്ങള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
മലിനജലം ശുദ്ധീകരിച്ച് വീണ്ടും ഉപോയഗിക്കുന്നതും കുവൈത്തിന്റെ ജലക്ഷാമം കുറയ്ക്കുന്നു. ഇത്തരം ജലം കുടിക്കാൻ ഉപയോഗിക്കുന്നില്ല. മറിച്ച് കാലിത്തീറ്റ കൃഷി, ഈന്തപ്പന തോട്ടങ്ങള്‍, നഗരങ്ങളിലെ പൂന്തോട്ടങ്ങള്‍ എന്നിവ നനയ്ക്കാൻ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഒപ്പം മനുഷ്യരുടെ ഉപയോഗത്തിനായി ഉയർന്ന ഗുണമേന്മയുള്ള ശുദ്ധജലം സംരക്ഷിക്കാൻ സഹായിക്കുന്നു.

