പ്രവാസികള്‍ക്ക് ആശ്വാസം; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.
എറോനെറ്റ് പോര്‍ട്ടലില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനം വഴി രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രവാസികള്‍ അപേക്ഷക്കായി ഉപയോഗിക്കുന്ന ഫോം 6-എയിലെ സാങ്കേതിക തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവാസി സംഘടനാ പ്രതിനിധികളെ അറിയിച്ചു. പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും സമാനമായ ആശയവിനിമയങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

