പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പലരും പിഴകള്‍ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.
ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്‌ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

അഞ്ച് തവണ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആര്‍സി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിഷേധിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.
നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ചുവപ്പ് സിഗ്നല്‍ ലംഘിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ അധികം തവണ ചലാന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.’

നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന-സാരഥി പോര്‍ട്ടലിലേക്കും കൈമാറും.
