ഇന്ത്യക്കാര്‍ക്ക് ട്രാൻസിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി

ഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജര്‍മ്മനി. ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് ഇനിമുതല്‍ ട്രാൻസിറ്റ് വിസ ആവശ്യമില്ല.മുൻപ് ജർമൻ എയർപോർട്ടുകള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ പ്രത്യേക വിസയില്ലാതെ ജർമൻ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകും. ജർമനി-ഇന്ത്യ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജർമനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ-ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉള്ളത്. ജനുവരി 12 മുതല്‍ 13 വരെയുള്ള തിയതികളില്‍ ജർമൻ ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മേഴ്സ് ചാൻസിലറായ ശേഷം നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനവും ആദ്യ ഏഷ്യ സന്ദർശനവുമാണിത്.

വിസാ ഫ്രീ ട്രാൻസിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിനോട് നന്ദി അറിയിച്ചു. ജർമനി പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസ ഇളവ് ഇന്ത്യൻ അന്തരാഷ്ട്ര യാത്രക്കാർക്ക് യാത്ര കൂടുതല്‍ സുഗമമാക്കും. കൂടാതെ ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഢമാകാൻ സാഹചര്യമൊരുങ്ങുമെന്ന് ഇരു നേതാക്കളും ആവർത്തിച്ചു.
പഠനത്തിനും ഗവേഷണത്തിനും ജോലിക്കുമായി ജർമനിയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും എണ്ണത്തില്‍ ഗണ്യമായ വർധനവ് സംഭവിച്ചിട്ടുണ്ട്. ഇത് ജർമൻ സമ്പദ് വ്യവസ്ഥക്ക് നല്‍കുന്ന പങ്ക് വളരെ വലുതാണ്. ഇത് കൂടി പരിഗണിച്ചാണ് ജർമനി ഇന്ത്യക്കാർക്ക് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ഒരു സമഗ്ര രൂപരേഖ സൃഷ്ടിക്കുന്നതിന് ധാരണയായിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ജർമൻ സർവ്വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസ് ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്.
