‘അസാധാരണ പ്രതിഭ തെളിയിച്ചു’; 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്.സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഈ മാസം 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ഈ ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.

2017ലെ ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീയെ തിരശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞുവെന്നും കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് അവർ എന്തുകൊണ്ടും അര്‍ഹയാണെന്നും ജൂറി വിലയിരുത്തി. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്.

തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി. ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ് ശാരദ അവതരിപ്പിച്ചത്.
1945 ജൂണ്‍ 25 ന് ആന്ധ്രയിലെ തെന്നാലിയില്‍ വെങ്കിടേശ്വര റാവുവിന്റെയും മലയാളിയായ സത്യവതിദേവിയുടെയും മകളായാണ് ശാരദ ജനിച്ചത്. സരസ്വതി ദേവിയെന്നാണ് യഥാർത്ഥ പേര്. അമ്മയുടെ നിർബന്ധപ്രകാരം സംഗീത പഠനം ആരംഭിച്ചുവെങ്കിലും അത് പൂർത്തിയാക്കിയിരുന്നില്ല. ആറാം വയസ്സ് മുതല്‍ നൃത്തം പഠിച്ചു തുടങ്ങി. അച്ഛന്റെ ബിസിനസുമായി ബന്ധപ്പെട്ട് പലയിടങ്ങളില്‍ മാറി മാറി താമസിച്ചത് വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു.
പിന്നീട് അമ്മൂമ്മക്കൊപ്പം ചെന്നെയില്‍ നിന്നാണ് നൃത്തം പഠിച്ചത്. അവിടത്തെ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ പത്താം വയസ്സിലാണ് ശാരദ അഭിനയ രംഗത്തെത്തുന്നത്.
