ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക കപ്പ് ടീമിലിടം ഉറപ്പിക്കാനുള്ള അവസരമായിരുന്നു ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പര. എന്നാല്‍ ഇന്ത്യയുടെ തിളക്കമുള്ള വിജയത്തിനിടയിലും പരമ്പരയിലെ മൂന്നാം മാച്ചിലുണ്ടായ ഗോള്‍ഡന്‍ ഡക്ക് ആരാധകരിലാകെ നിരാശ പടര്‍ത്തിയിരിക്കുകയാണ്. ആദ്യ മൂന്നുമത്സരങ്ങളിലും നിരാശജനകമായ പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് ഇനി അടുത്ത മാച്ചില്‍ അവസരം ലഭിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടി വരും.

എന്താണ് സഞ്ജുവിന് സംഭവിച്ചതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം ചോദിക്കുന്നത്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് താരത്തിന് ഇന്നലെയേറ്റ തിരിച്ചടി. ടി ട്വന്റി പരമ്പരയിലെ ആദ്യ രണ്ടുമാച്ചുകളില്‍ പത്ത്, രണ്ട് എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. എങ്കിലും മൂന്നാം മാച്ചില്‍ വിമര്‍ശകര്‍ക്കെല്ലാം ആ ബാറ്റില്‍ നിന്ന് മറുപടിയുണ്ടാകുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് മൂന്നാം മത്സരത്തില്‍ ഒരു പന്ത് പോലും കളിക്കാന്‍ കഴിയാതെ താരം ക്രീസ് വിടുന്നത്. അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കല്‍ വിക്കറ്റായി മാറി സഞ്ജുവിന്റേത്. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ മലയാളി താരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുകയാണ്. പരിക്കേറ്റ് പുറത്തിരിക്കുന്ന തിലക് വര്‍മ്മ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ നിരയിലെ മൂന്നാമനായിട്ടായിരിക്കും ക്രീസിലെത്തുക. അങ്ങനെയെങ്കില്‍ ഇഷാന്‍ ഓപ്പണിങ്ങിലേക്കും സഞ്ജുവിന് ബെഞ്ചിലേക്കും മടങ്ങേണ്ടി വരുമോ എന്നതാണ് ആരാധകരുടെ ആശങ്കകള്‍. റൈറ്റ് ലെഫ്റ്റ് കോമ്പിനേഷനില്‍ സഞ്ജു-അഭിഷേക് സഖ്യം ഓപ്പണിങ്ങില്‍ വരുമ്പോള്‍ മോശമല്ലാത്ത തുടക്കമാണ് ഇരുതാരങ്ങളില്‍ നിന്നും മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു തീര്‍ത്തും നിറം മങ്ങിപോകുന്നുവെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സഞ്ജു ഓപ്പണിങ്ങിറങ്ങിയ ഒമ്പത് മത്സരങ്ങളില്‍ എട്ടിലും പവര്‍ പ്ലേയില്‍ തന്നെ പുറത്തുപോയി. 14 മത്സരങ്ങളില്‍ നിന്നായി ഒരേ ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് താരത്തിന്റെ എക്കൗണ്ടിലേക്ക് എത്തിയത്. കിവീസുമായുള്ള ഈ പരമ്പരയിലെ നാലാം മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിലാണ് നടക്കാനിരിക്കുന്നത്. ഇവിടെയെങ്കിലും സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ പ്രിയതാരത്തിന് തിളങ്ങാന്‍ കഴിയട്ടെ എന്നാണ് ഏവരും ആശിക്കുന്നത്.
