അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്ക്; പ്രമേയം പുറപ്പെടുവിച്ച് ബദ്രിനാഥ്- കേദാര്‍നാഥ് കമ്മിറ്റി

മസൂറി: ബദ്രിനാഥ്, കേദാര്‍നാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് അഹിന്ദുക്കള്‍ക്ക് വിലക്ക്.ബദ്രിനാഥ് കേദാര്‍നാഥ് കമ്മിറ്റിക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലേക്കുള്ള അഹിന്ദുക്കളുടെ പ്രവേശനം വിലക്കിക്കൊണ്ട് കമ്മിറ്റി പ്രമേയം പുറപ്പെടുവിച്ചു. ദേവഭൂമിയുടെ മത സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കാനാണ് നടപടിയെന്നാണ് കമ്മിറ്റിയുടെ വിശദീകരണം. ഇനി മുതല്‍ ബദ്രിനാഥ് കേദാര്‍നാഥ് കമ്മിറ്റിയുടെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന് പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
ആറ് മാസം അടച്ചിട്ടതിന് ശേഷം ഏപ്രില്‍ 23ന് ബദ്രിനാഥ് ക്ഷേത്രം വീണ്ടും തുറക്കാനിരിക്കെയാണ് കമ്മിറ്റി പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ തുറക്കുന്ന ശിവരാത്രി ദിവസമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. കേഥാര്‍നാഥും ബദ്രിനാഥും കൂടാതെ ഗംഗോത്രി, യമുനോത്രി എന്നീ പ്രശസ്ത ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനാകില്ല. ഈ ക്ഷേത്രങ്ങളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ 19ന് രണ്ട് ക്ഷേത്രങ്ങളും തുറക്കും.

ബദ്രിനാഥ് കേദാര്‍നാഥ് കമ്മിറ്റിയുടെ കീഴിലുള്ള 45 ക്ഷേത്രങ്ങളിലാണ് അഹിന്ദുക്കള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരമ്പരാഗതമായി തന്നെ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവയെന്ന് കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചു. ബിജെപി ഒഴികെ മറ്റേത് സര്‍ക്കാരും ഈ പാരമ്പര്യത്തെ ഹനിക്കുകയായിരുന്നു. ഈ ക്ഷേത്രങ്ങളുടെ പവിത്രത നിലനില്‍ക്കണമെങ്കില്‍ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും കമ്മിറ്റി അംഗം പറഞ്ഞു.
