എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ അന്നദാനം മമ്മൂട്ടി ഉദ്ഘാടനം ചെയ്‌തു

എറണാകുളത്തപ്പൻ അമ്പലത്തിൽ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസാണ് മെഗാ സ്റ്റാർ എത്തിയത്. പത്മഭൂഷൺ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടി കൂടിയായിരുന്നു ഇത്.

നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്, റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചത്. 1998-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.
പത്മഭൂഷൺ പുരസ്കാര നേട്ടത്തില്‍ നന്ദി അറിയിച്ച് നടന്‍ മമ്മൂട്ടി ഇന്നലെ രംഗത്തെത്തിയിരുന്നു. പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. റിപ്പബ്ലിക് ദിനാശംസ നേർന്നുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

“മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൻ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ…” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
