ട്രാഫിക് നിയമ ലംഘനങ്ങളെന്ന വ്യാജ സന്ദേശങ്ങള്‍; സൈബര്‍ തട്ടിപ്പില്‍ ജാഗ്രത വേണമെന്ന് കുവൈത്ത്

കുവൈത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഉണ്ടെന്ന തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍.ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ വിവരങ്ങളും ഒരു കാരണവശാലും കൈമാറരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്. ഗതാഗത മന്ത്രാലത്തിന്റെ പേരിലാണ് ഇപ്പോള്‍ കുടുതലും തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് കണ്ടെത്തല്‍. വാഹനം ഓടിക്കുന്നതിനിടെ ഗാതാഗത നിയമം ലംഘിച്ചെന്നും അതിനുള്ള പിഴ ഉടന്‍ തന്നെ അടക്കണമെന്നുമാവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ സമീപിക്കുന്നത്. വീഡിയോ കോളുകളില്‍ പൊലീസ് ഉദ്യാഗസ്ഥരുടെ വേഷം ഉള്‍പ്പെടെ ധരിച്ചെത്തുന്ന ഇത്തരക്കാര്‍ കൂടുതല്‍ വിശ്വാസത നേടുന്നതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും പ്രദര്‍ശിപ്പിക്കും. ഇതിന് പുറമെ എസ്‌എംഎസ് ആയും വാട്‌സാപ്പിലും വ്യജ സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

20 ദീനാര്‍ പിഴ ഉടന്‍ അടച്ചില്ലെങ്കില്‍ അത് 200 ദിനാറായി ഉയരുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശങ്ങളാണ് പലര്‍ക്കും ലഭിക്കുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിച്ച് ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച നിരവധിയാളുകള്‍ക്ക് പണം നഷ്ടമായതായി അന്വേഷണത്തില്‍ കണ്ടെത്തി. പിഴ അടക്കുന്നതിനായി തട്ടിപ്പ് സംഘം നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
അഞ്ജാത സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്നും അതിനൊപ്പമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രാലയം എസ്‌എംഎസ് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും വീഡിയോ കോളുകള്‍ ചെയ്യാറില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഏകീകൃത പ്ലാറ്റ്‌ഫോമായ സഹേല്‍ ആപ്ലിക്കേഷനോ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മാത്രം ഉപയോഗിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. സംശയാസ്പദമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

