രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക. വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നല്‍കുന്ന സൂചന. ക്ഷേമ പെന്‍ഷന്‍ അടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌കരണം അടക്കം ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കില്‍ കാര്യമായ കുറവുണ്ടായെന്നുമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്നലെ പ്രതികരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ല. ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും കടവും കൂടിയെന്നാണ് 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 6.73 ശതമാനത്തില്‍ നിന്ന് 6.19 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാന്‍ ക്രീയാത്മകവും ദീര്‍ഘ വീഷണമുള്ളതുമായി ധനകാര്യ തന്ത്രങ്ങളും കേന്ദ്രവുമായുള്ള സഹകരണവും ആവശ്യമെന്നാണ് ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്.
