ലോക പ്രശസ്തമായ ദുബായ് മാരത്തണ്‍ നാളെ; ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതര്‍

ലോക പ്രശസ്തമായ ദുബായ് മാരത്തണ്‍ നാളെ നടക്കും. ലോകമെമ്പാടുമുള്ള നിരവധി അത്‌ലറ്റുകള്‍ മാരത്തണില്‍ പങ്കെടുക്കും.പങ്കാളിത്തം കൊണ്ടും സമ്മാനത്തുക കൊണ്ടും മധ്യപൂര്‍വ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണ് ദുബായ് മാരത്തണ്‍. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ദുബായ് മാരത്തണിന്റെ 25-ാം പതിപ്പാണ് നാളെ അരങ്ങേറുന്നത്. ഫുള്‍ മാരത്തണ്‍, ഹാഫ്-മാരത്തണ്‍ ,10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടാകും.
കുടുംബങ്ങള്‍ക്കും ആദ്യമായി പങ്കെടുക്കുന്നവര്‍ക്കുമായാണ് ഫണ്‍ റണ്‍ ക്രമീകരിച്ചിരിക്കുന്നത് മാരത്തണ്‍ മാസ്സസ് രാവിലെ 6.30 ന് തുടങ്ങും. പത്ത് കിലോമീറ്റര്‍ റോഡ് റേസ് എട്ട് മണിക്കും നാല് കിലോ മീറ്റര്‍ ഫണ്‍ റണ്‍ പത്ത് മണിക്കുമാണ് തുടങ്ങുക. ഉമ്മു സുഖീം റോഡിന് സമീപമുള്ള പൊലീസ് അക്കാദമിയിലായിരിക്കും എല്ലാ റേസുകളും അവസാനിക്കുക. പൊലീസ് അക്കാദമിയുടെ പ്രധാന ഗേറ്റിലൂടെയാണ് മത്സരാര്‍ത്ഥികള്‍ പ്രവേശിക്കേണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ മാരത്തണ്‍ അവസാനിക്കും. അതേസമയം മാരത്തണിന്റെ ഭാഗമായി നഗരത്തിലെ വിവിധ മേഖലകളില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ചില റോഡുകള്‍ പൂര്‍ണമായും അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും യാത്രക്കായി ബദല്‍ പാതകള്‍ ഉപയോഗിക്കണമെന്നും ആര്‍ടിഎ ആവശ്യപ്പെട്ടു. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ദുബായ് മെട്രോയുടെ പ്രവര്‍ത്തന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അതിരാവിലെ സേവനം ലഭ്യമാക്കുന്നത്. സാധാരണയായി ഞായറാഴ്ചകളില്‍ രാവിലെ എട്ട് മണി മുതലാണ് മെട്രോ സര്‍വീസുകള്‍ ആരംഭിക്കാറുള്ളത്. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്രയ്ക്കുമായി യാത്രക്കാര്‍ മുന്‍കൂട്ടി ‘നോല്‍’ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യണമെന്നും ആര്‍ടിഎ നിര്‍ദ്ദേശിച്ചു.
