MX

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നടന്നത് 428 വീട്ടുപ്രസവങ്ങള്‍; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, കുറവ് പത്തനംതിട്ടയില്‍


തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍ നടന്നത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ 328 പ്രസവങ്ങളാണ് വീടുകളില്‍ നടന്നതെങ്കില്‍ 2025 ഡിസംബര്‍ ആയപ്പോഴേക്കും അത് 428 ആയി ഉയരുകയായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 21 വീട്ടുപ്രസവങ്ങളാണ് നടന്നത്. കൊല്ലത്ത് 20, പത്തനംതിട്ട 6, ആലപ്പുഴ 9, കോട്ടയം 10, ഇടുക്കി 37, എറണാകുളം 24, തൃശൂര്‍ 15, പാലക്കാട് 16, മലപ്പുറം 191, കോഴിക്കോട് 24, വയനാട് 24, കണ്ണൂര്‍ 16, കാസര്‍കോട് 15 എന്നിങ്ങനെയാണ് വീട്ടുപ്രസവങ്ങളുടെ കണക്ക്.

അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇത് അവഗണിച്ചാണ് സംസ്ഥാനത്ത് വീട്ടുപ്രസവങ്ങള്‍ നടക്കുന്നത്. വീട്ടുപ്രസവങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ 2024-ല്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ 2025 ഏപ്രിലില്‍ തദ്ദേശവകുപ്പ് വീട്ടുപ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ ബോധവത്കരണം അടക്കം നിര്‍ദേശിച്ചിരുന്നു.

1 st paragraph