MX

വിന്റേജ് സ്റ്റൈലില്‍ പുത്തൻ തിളക്കം; ഫാഷൻ ലോകം കീഴടക്കാൻ ‘പീറ്റര്‍ പാൻ’ കോളറുകള്‍


പീറ്റര്‍ പാന്‍ കോളര്‍ എന്ന് കേട്ടിട്ടുണ്ടോ? 1905കളില്‍ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു ഫാഷന്‍ ആയിരുന്നു പീറ്റര്‍ പാന്‍ കോളര്‍.അക്കാലത്തെ സിനിമകളും ഫോട്ടോകളും ഒക്കെ എടുത്ത് നോക്കിയാല്‍ ഒരു പ്രധാന ആകര്‍ഷണമായി പീറ്റര്‍ പാന്‍ കോളറുകള്‍ കാണാം. ഈ പഴയകാല ഫാഷനെക്കുറിച്ച്‌ ഇപ്പോള്‍ ഓര്‍മിപ്പിച്ചതിന് പിന്നില്‍ എന്താണ് കാര്യം എന്നല്ലേ?
പഴയകാല ഫാഷന്‍ പലതും ഇന്ന് ട്രെന്‍ഡിങ് ആയി മാറുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ പീറ്റര്‍ പാന്‍ കോളറുകളും വീണ്ടും ഫാഷന്‍ ലോകം കീഴടക്കുകയാണ്.

എന്താണ് പീറ്റര്‍ പാന്‍ കോളര്‍?
വസ്ത്രത്തിന്റെ കഴുത്തിന് ചുറ്റും ആവരണം ചെയ്യുന്ന രീതിയില്‍ താഴേക്ക് പരന്ന് കിടക്കുന്ന ഒന്നാണ് പീറ്റര്‍ പാന്‍ കോളര്‍. 1905ല്‍ അമേരിക്കന്‍ നടിയായ മോഡ് ആഡംസ് അവതരിപ്പിച്ച ഒരു കഥാപാത്രത്തിലൂടെയാണ് ഇവ പ്രചാരത്തിലാകുന്നത്. ആ കഥാപത്രത്തിന്റെ പേരായിരുന്നു പീറ്റര്‍ പാന്‍. ഒരു സ്‌കോട്ടിഷ് നോവലായ ‘പീറ്റര്‍ ആന്‍ഡ് വെന്‍ഡി’ നാടകമാക്കിയപ്പോള്‍ അതിലെ പ്രധാന കഥാപാത്രമായിരുന്നു പീറ്റര്‍ പാന്‍. നാടകത്തിനായി വസ്ത്രാലങ്കാരം നടത്തിയത് പ്രമുഖ അമേരിക്കന്‍ ചിത്രകാരനായിരുന്ന ജോണ്‍ വൈറ്റ് അലക്‌സാണ്ടറും ഭാര്യയും ചേര്‍ന്നാണ്. ശേഷം ഇവര്‍ രൂപം നല്‍കിയ പീറ്റര്‍ പാന്‍ കോളര്‍ പ്രായഭേദമന്യേ പ്രചാരം നേടുകയായിരുന്നു. കുട്ടികളുടെയും വലിയവരുടെയും ഫ്രോക്കുകളില്‍ പീറ്റര്‍ പാന്‍ കോളറുകള്‍ ഇടം നേടി.

1 st paragraph

പുതു തലമുറയ്ക്കും പ്രിയമാണ് പീറ്റര്‍ പാന്‍
ദിനംപ്രതി പുതിയ ഫാഷനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ മത്സരിക്കുകയാണ് ഫാഷന്‍ ലോകം. എന്നാല്‍ പഴയകാല ഫാഷനുകള്‍ പുതിയവയുമായി ചേര്‍ത്ത് വെച്ച്‌ ഇറക്കുന്നതിന് വന്‍ സ്വീകാര്യത ലഭിക്കുന്നതായാണ് കണ്ടുവരുന്നത്. ഇങ്ങനെയാണ് പീറ്റര്‍ പാന്‍ കോളറുകളും വീണ്ടും ഫാഷന്‍ ലോകത്തെ തരംഗമായി മാറാന്‍ തുടങ്ങിയത്.

ഫ്രോക്കുകള്‍ക്ക് പുറമെ ഏത് വേഷത്തിനൊപ്പവും പീറ്റര്‍ പാന്‍ കോളര്‍ നന്നായി ചേര്‍ന്നുപോകുകയും ഒരു പ്രത്യേക ഭംഗി കൊണ്ടുവരാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണം. മറ്റൊന്ന്, ഈ കോളറുകള്‍ ഉപയോഗിച്ച്‌ കോണ്‍സ്ട്രാസ്റ്റ് സൃഷ്ടിക്കാന്‍ എളുപ്പത്തില്‍ സാധിക്കും എന്നതാണ്. ഒരു കറുത്ത ഡ്രസ്സില്‍ ഒരു വെള്ള പീറ്റര്‍ പാന്‍ കോളര്‍ കൂടി ചേര്‍ത്തുവെച്ചാല്‍ പ്രത്യേക ഭംഗിയും എടുപ്പും ലഭിക്കും. കൂടാതെ സ്വെറ്ററിനും ജാക്കറ്റിനും ഒപ്പവും പീറ്റർ പാൻ കോളർ ചേർന്ന് പോകും .എന്തിനോടും ഇണങ്ങി ചേരാനുള്ള വൈഭവമാണ് പീറ്റർ പാൻ കോളറുകളെ ഇക്കാലത്തും സ്വീകാര്യമാക്കുന്നത്.

2nd paragraph

സ്വയം സ്റ്റൈല്‍ ചെയ്യാനുള്ള ഒരു സ്പേസ് ഉപഭോക്താക്കള്‍ക്ക് പീറ്റർ പാൻ കോളറുകള്‍ നല്‍കുന്നുണ്ട്. എന്തായാലും പീറ്റർ പാൻ കോളർ ഉള്‍പ്പെടുത്തിയ വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ഇടം പിടിച്ചുകഴിഞ്ഞു. വലിയ വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ മുതല്‍ വഴിയോര കച്ചവട സ്ഥലങ്ങളില്‍ വരെ ഇവ വിപണനത്തിന് എത്തിക്കഴിഞ്ഞു. മാത്രമല്ല ഫാഷൻ വീക്ക് തുടങ്ങി ഇൻസ്റ്റാഗ്രാം ഫീഡ് വരെ പീറ്റർ പാൻ കോളറുകളുടെ തിരിച്ചുവരവ് ആഘോഷിക്കുകയാണ്.