‘അശാസ്ത്രീയ നിര്‍മാണം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം’; മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റേത് അശാസ്ത്രീയ നിർമാണമെന്നും പാലം തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവുണ്ടെന്നും പാലത്തിന് താഴെ വാഹനം തിരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി വിമർശിച്ചു. അശാസ്ത്രീയ നിർമാണം തിരുത്താൻ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാർ വ്യക്തമാക്കി.
അശാസ്ത്രീയമായ റോഡ് നിർമാണം അപകടങ്ങള്‍ വർദ്ധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിർമാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്‌പോട്ടുകള്‍ വർദ്ധിച്ച് വരുന്നുണ്ട്. പുതുതായി നിർമിക്കുന്ന റോഡുകളില്‍ പോലും ആറോളം ബ്ലാക്ക് സ്‌പോട്ടുകള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗില്‍ റോഡ് ഡിസൈനിംഗ് കൂടി ഉള്‍പ്പെടുത്തണം. റോഡ് ഡിസൈനിംഗ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിർദേശം നല്‍കും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.

