വൈഭവിലും ആരോണിലും പ്രതീക്ഷ; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം.
അണ്ടർ-19 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ പത്താം ഫൈനലാണിത്. ഇതിന് മുമ്പ് അഞ്ച് തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. 1998-ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. 2022-ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇതിനുള്ള മധുരപ്രതികാരം കൂടിയാകും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.
ടൂർണമെന്‍റിലുടനീളം തകർപ്പൻ ഫോമിലുള്ള ഇന്ത്യയുടെ ബാറ്റിംഗ് നിര തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. സെമിയില്‍ അഫ്ഗാനെതിരെ ക്യാപറ്റൻ ആയുഷ് മാത്രെയും ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. സെഞ്ച്വറി നേടിയ മലയാളി താരം ആരോണ്‍ ജോർജും പ്രതീക്ഷയാണ്.
വിഹാൻ മല്‍ഹോത്രയും വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും എല്ലാം അവസരത്തിനൊത്ത് ഉയരാൻ കെല്‍പ്പുള്ളവരാളാണ്. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടും ആരാധകർ പ്രതീക്ഷിക്കുന്നു.
അഫ്ഗാനിസ്ഥാനെതിരായ സെമിയില്‍ 300-ന് മുകളില്‍ റണ്‍സ് വഴങ്ങിയത് ഇന്ത്യക്ക് ബൗളിങ്ങില്‍ ചെറിയ ആശങ്ക നല്‍കുന്നുണ്ട്. എങ്കിലും ദീപേഷ് ദേവേന്ദ്രൻ, ഹെനില്‍ പട്ടേല്‍ എന്നിവരടങ്ങുന്ന പേസ് നിരയും കനിഷ്ക് ചൗഹാന്‍റെ സ്പിൻ കരുത്തും ഫൈനലില്‍ നിർണ്ണായകമാകും.

ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കരുത്തായ ബെൻ മെയ്‌സിനെയും (399 റണ്‍സ്) ക്യാപ്റ്റൻ തോമസ് റ്യൂവിനെയും നേരത്തെ പുറത്താക്കുക എന്നതാണ് ഇന്ത്യൻ ബൗളർമാരുടെ ലക്ഷ്യം. ടൂർണമെന്‍റില്‍ ഇതിനോടകം 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന്‍റെ മാന്നി ലംസ്‌ഡൻ ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ആശങ്ക.
