താനൂർ ദേവധാർ സ്കൂളിന് ഫുട്ബോൾ ടർഫ് സമർപ്പിച്ച് മന്ത്രി

താനൂർ : കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടർഫും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ട് നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2016ൽ സംസ്ഥാനം നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പ്രഥമസ്ഥാനം സ്കൂളിന് നൽകി കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് മന്ത്രി പറഞ്ഞു.

ഫുട്ബോൾ കിക് ചെയ്താണ് മന്ത്രി ടർഫിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇൻഡോർ കോർട്ടിന്റെ നിർമാണ പ്രവർത്തനം അധികം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സ്കൂൾ അധികൃതർ മന്ത്രിയെ പൊന്നാടയണയിച്ച് ആദരിച്ചു.
കായിക വകുപ്പിന്റെ ഫണ്ടിൽ നിന്ന് 2.45 കോടി രൂപയാണ് സിന്തറ്റിക് ടർഫ്, ഇൻഡോർ കോർട്ട് പദ്ധതിക്കായി വകയിരുത്തിയത്. കെർബ് വാൾ, നൈലോൺ നെറ്റ്, ചെയിൻ ലിങ്ക് എന്നിവ ഉൾപ്പെടുന്ന ഫെൻസിംഗ്, ഗോൾ പോസ്റ്റ്, 36 ഫ്ലഡ് ലൈറ്റ് ഉൾപ്പെടുന്ന ആറ് ഇലക്ട്രിക് പോൾ എന്നിവയും ഉൾപ്പെടുത്തിയാണ് 56 x37 മീറ്റർ സെവൻസ് ഫുട്ബോൾ ടർഫ് ഒരുക്കിയിരിക്കുന്നത്.

30 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ദേവധാർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നത്. ഹയർസെക്കൻഡറി കെട്ടിടത്തിനായി 14 കോടിയും ഹൈസ്കൂൾ കെട്ടിടത്തിന് പത്തു കോടിയും യു.പി കെട്ടിടത്തിന് രണ്ടു കോടിയും സ്കൂൾ കവാടവും ചുറ്റുമതിലും നിർമിക്കുന്നതിന് 35 ലക്ഷവും ഇതിനോടകം വകയിരുത്തി.
പി. ടി. എ പ്രസിഡന്റ് കാദർകുട്ടി വിശാരത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ മുഹമ്മദ് അസ്ഗർ അധ്യക്ഷനായിരുന്നു. എസ്. കെ. എഫ്- സി. ഇ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന താനൂർ എ. ഇ. ഒ പി. വി ശ്രീജ, അധ്യാപകൻ ജി. ബാബുനാഥ് എന്നിവരെയും സംസ്ഥാന സ്പോർട്സ്,ഗെയിംസ്, കലോത്സവ പ്രതിഭകളെയും പരിപാടിയിൽ ആദരിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ബീവി, ബ്ലോക്ക് താനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഷഹാന നിഷാദ്, താനാളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ നസീർ, മെമ്പർ പുഷ്പലത, മലപ്പുറം ഡി.ഡി.ഇ റഫീഖ്, തിരൂരങ്ങാടി ഡി.ഇ.ഒ ശശികുമാർ, താനാളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം മല്ലിക, തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. ജയൻ പ്രിൻസിപ്പൽ ജി ആശ, ഹെഡ്മിസ്ട്രസ് പി.പ്രസീജ ടി പി റസാക്ക്, വി.പി മൂസ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
