തിരൂരിലെ വെറ്റില വ്യവസായം തകരാതിരിക്കാൻ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് പാഴ്സൽ വാൻ പുനസ്ഥാപിക്കണം;കേന്ദ്ര റെയിൽവേ മന്ത്രിക്ക് എംഎൽഎയുടെ നിവേദനം

ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് നവീകരിച്ച് കോച്ചുകൾ എല്ലാം എച്ച്. എൽ. ബി ആക്കിയപ്പോൾ
പാഴ്സൽ ബോഗി ഒഴിവാക്കിയത് തിരൂരിലെ വെറ്റില കർഷകരെ വളരെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതിനാൽ
പാഴ്സൽ ബോഗി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിവേദനം നൽകി.വിഷയത്തിൽ ഇടപെടണമെന്ന് തിരൂർ എം.പി അബ്ദുസമദ് സമദാനിയോടും പാർലമെൻറ് റെയിൽവേ ഉപസമിതി അംഗമായിട്ടുള്ള അടൂർ പ്രകാശ് എം .പി യോടും എം.എൽ.എ ആവശ്യപ്പെട്ടു.

പുലർച്ചെ 3.45 ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് തിരൂർ മേഖലയിലെ കർഷകർ വെറ്റില കയറ്റി അയച്ചുകൊണ്ടിരുന്നത്.കേരളത്തിലെ പ്രധാന വെറ്റില ഉത്പാദന മേഖലയായ തിരൂരിൽ നിന്ന് പതിറ്റാണ്ടുകളായി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ വെറ്റില ചെന്നൈയിലേക്കും അവിടുന്ന് ഡൽഹിയിലേക്കും അയച്ചുവരികയാണ്.പാഴ്സൽ ബോഗി ഒഴിവാക്കിയതിന്റെ ഭാഗമായി 2026 ഫെബ്രുവരി 1 മുതൽ ഇത് തടസ്സപ്പെട്ടിരിക്കുകയാണ്.പ്രദേശത്തെ വെറ്റില വ്യവസായവും കർഷകരുടെ ജീവിതവും വളരെയധികം പ്രതിസന്ധിയിലാകും.വെറ്റില വ്യവസായം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. ആയതിനാൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ മുൻപത്തേതു പോലെ പാഴ്സൽ ബോഗി പുനസ്ഥാപിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
