ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയാകുന്നു

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയാകുന്നു. ചാത്തമംഗലം സ്വദേശി ആദര്‍ശ് ആണ് വരന്‍.ഇന്ന് രാവിലെ 10.30 നും 11.15 നും ഇടയില്‍ കോഴിക്കോട് കണ്ണാടിക്കല്‍ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍വെച്ചാണ് വിവാഹം. 2024 ജൂലൈ പതിനാറിനായിരുന്നു അര്‍ജുന്റെ മരണത്തിനിടയായ അപകടം നടന്നത്. ശക്തമായ മഴയില്‍ മണ്ണിടിച്ച് റോഡിലേക്കും സമീപത്തെ നദിയിലേക്കും പതിക്കുകയായിരുന്നു.
അപകടത്തില്‍ അര്‍ജുന്‍ അടക്കം പതിനൊന്ന് പേരായിരുന്നു മരിച്ചത്. ഗംഗാവാലിപ്പുഴയിലെ കനത്ത ഒഴുക്കും പ്രതികൂല കാലാവസ്ഥയും ചൂണ്ടിക്കാട്ടി രക്ഷാദൗത്യം ഇഴഞ്ഞിരുന്നു. അപ്പോഴും അര്‍ജുന്‍ അടക്കമുള്ളവര്‍ക്ക് എന്താണ് സംഭവിച്ചത് എന്നതില്‍ അവ്യക്ത തുടര്‍ന്നു. ഇതോടെ റിപ്പോര്‍ട്ടര്‍ അടക്കമുള്ള മലയാള മാധ്യമങ്ങള്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി ഷിരൂരിലേക്ക് തിരിച്ചു. പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെ ഷിരൂരിലെ ദുരന്തഭൂമിയില്‍ നിന്ന് മാധ്യമങ്ങള്‍ തത്സമയം വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ തുടങ്ങിയതോടെ ഭരണകൂടത്തിന് തുടക്കത്തിലെ ആലസ്യം വിട്ട് ഉണരേണ്ടി വന്നു.

രക്ഷാദൗത്യം കാര്യക്ഷമമാക്കണമെന്നതില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് സുദീര്‍ഘമായ രക്ഷാദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമാണ് ഷിരൂരില്‍ അരങ്ങേറിയത്. മൂന്നാം ഘട്ടത്തില്‍ ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും അര്‍ജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജര്‍ ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കുകയായിരുന്നു.മരിച്ച 11 പേരില്‍ 9 പേരുടെയും മൃതദേഹം പലതവണയായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട ജഗന്നാഥ നായിക്കിന്റെയും ലോകേഷ് നായിക്കിന്റെയും മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
