സ്‌കൂള്‍ കുട്ടികള്‍ക്കായി ‘അക്ഷരം ആരോഗ്യം’ പദ്ധതി: മലപ്പുറം ജില്ലാതല സ്‌ക്രീനിംഗ് ഉദ്ഘാടനം മൊറയൂരില്‍ നടന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരം ആരോഗ്യം’ പദ്ധതിയുടെ മലപ്പുറം ജില്ലാതല സ്‌ക്രീനിംഗ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അസലു നിര്‍വഹിച്ചു. മൊറയൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ബംഗാളത്ത് അധ്യക്ഷനായി.

നാം ആര്‍ജിച്ച ആരോഗ്യ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ ആരോഗ്യ ജീവിതശൈലി ഇളം തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനം ഇന്ന് നേടിയെടുത്തിട്ടുള്ള ആരോഗ്യരംഗത്തെ സമഗ്ര വളര്‍ച്ച നിലനിര്‍ത്താന്‍ ഇത്തരം ക്യാംപയിനുകള്‍ സഹായിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പി.കെ. അസലു പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ. ടി.കെ. ജയന്തി മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ ഷൈനി ഓമന പദ്ധതി വിശദീകരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് ഹെല്‍ത്ത് കാര്‍ഡ് പ്രകാശനം ചെയ്തു. കുട്ടിക്കാലം മുതല്‍ക്കേ മികച്ച ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ ആരോഗ്യപൂര്‍ണ്ണമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ പരിശോധന പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും. കുട്ടികളുടെ ശാരീരിക വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഈ കാര്‍ഡുകള്‍ പിന്നീട് ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡുകളായി മാറ്റുകയും പൂര്‍ണ്ണ സ്വകാര്യതയോടെ സ്റ്റേറ്റ് ഡറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യും.

അടിയന്തര സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഈ ഡിജിറ്റല്‍ രേഖകള്‍ സഹായകമാകും. ഓരോ സ്‌കൂളിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ഹെല്‍ത്ത് അസംബ്ലികളും ഹെല്‍ത്ത് കോര്‍ണറുകളും സജ്ജീകരിക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തയ്യാറാക്കിയ പ്രത്യേക മോഡ്യൂളുകള്‍ പ്രകാരം പരിശീലനം ലഭിച്ച അധ്യാപകര്‍ സ്‌കൂളുകളില്‍ ഹെല്‍ത്ത് മെന്റര്‍മാരായി പ്രവര്‍ത്തിക്കും. കുട്ടികളിലൂടെ ആരോഗ്യ ബോധവത്ക്കരണം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ദൗത്യമാണ് അക്ഷരം ആരോഗ്യം പദ്ധതി വിഭാവനം ചെയ്യുന്നത്.
ചടങ്ങില്‍ വാര്‍ഡ് അംഗം ലുബ്ന, എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, മൊറയൂര്‍ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ എ. കെ. റഹീന, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ആര്‍.ബി.എസ്.കെ കോഡിനേറ്റര്‍ പി.കെ. രമ്യ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖലി, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
