ഇന്ത്യയുടെ വളര്‍ച്ചയെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി; ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

ക്വാലലംപൂർ: മലേഷ്യൻ സന്ദർശനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാർഡ് ഓഫ് ഹോണർ നല്‍കി സ്വീകരിച്ച് മലേഷ്യൻ സർക്കാർ.ക്വാലാലംപൂരിലെ പെർദാന പുത്രയില്‍ ആയിരുന്നു ആചാരപരമായ സ്വീകരണം. മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി രമണൻ രാമകൃഷ്ണനും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ലുകാനിസ്മാൻ ബിൻ അവാങ് സൗനിയും ചടങ്ങില്‍ പങ്കെടുത്തു.
സ്വീകരണ ചടങ്ങിന് ശേഷം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നരേന്ദ്ര മോദിയും ഒരേ വാഹനത്തിലാണ് യാത്ര ചെയ്‌തത്. മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിലേക്കാണ് മോദിയും മലേഷ്യൻ പ്രധാനമന്ത്രിയും ഒരുമിച്ച് പോയത്.

ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ ധാരണാപത്രങ്ങളില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ഓഡിയോ വിഷ്വല്‍ കോ പ്രൊഡക്ഷൻ, ദുരന്ത നിവാരണ സഹകരണം, അഴിമതിക്കെതിരായ പോരാട്ടം, ഐക്യരാഷ്ട്രസഭയുടെ സമാധാനപാലനം, സെമികണ്ടക്ടർ സഹകരണം എന്നീ മേഖലകളിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചത്. ഇതിന് പുറമെ, മലേഷ്യയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള സാമൂഹിക സുരക്ഷ, തൊഴില്‍ അധിഷ്ഠിത പരിശീലനം, വിദ്യാഭ്യാസം എന്നിവയില്‍ സഹകരണം, സുരക്ഷാ സഹകരണം, ആരോഗ്യ സംരക്ഷണ സഹകരണം എന്നിവ സംബന്ധിച്ചുള്ള കുറിപ്പുകളും ഇരു രാജ്യങ്ങളും കൈമാറി.
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങള്‍, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടല്‍, സമുദ്ര സുരക്ഷ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രതിരോധ സഹകരണം കൂടുതല്‍ സമഗ്രമാക്കുമെന്നും മോദി പറഞ്ഞു. കൃത്രിമബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലയിലും ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. സെമികണ്ടക്ടർ മേഖലയിലും സഹകരണം ശക്തമാക്കുമെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയും മലേഷ്യയും തമിഴ് ഭാഷയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും തമിഴിന്റെ സ്വാധീനം മലേഷ്യയിലെ എല്ലാ മേഖലയിലും കാണാമെന്നും മോദി പറഞ്ഞു. ഓഡിയോ വിഷ്വല്‍ കോ പ്രൊഡക്ഷൻ സഹകരണത്തിലൂടെ തമിഴ് സിനിമകള്‍ നമ്മെ കൂടുതല്‍ അടുപ്പിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ എല്ലാ അതിരുകളും ഭേദിച്ച് വളരുകയാണെന്നും അന്താരാഷ്ട്ര വ്യാപാരമേഖലയില്‍ ഇത് ഗംഭീര ചുവടുവെപ്പാണെന്നും മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെയും അൻവർ ഇബ്രാഹിം എടുത്തുപറഞ്ഞു. നിരവധി മലേഷ്യൻ വിദ്യാർത്ഥികള്‍ ഇന്ത്യയിലും, ഇന്ത്യൻ വിദ്യാർത്ഥികള്‍ മലേഷ്യയിലും പഠിക്കുന്നുണ്ട്. മോദിയുടെ കീഴില്‍ ഇന്ത്യൻ വിദ്യാഭ്യാസ മേഖല തിളങ്ങുകയാണെന്നും അൻവർ ഇബ്രാഹിം പറഞ്ഞു. മലേഷ്യയില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.
