ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസ്; ലോറിയുടെ ആർസി ഉടമ വണ്ടൂർ സ്വദേശിനി, 5 ലേറെ പ്രതികളുണ്ടെന്ന് പൊലീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ 5 ലേറെ പ്രതികൾ കേസിൽ ഉണ്ടായേക്കുമെന്ന് പൊലീസ്. വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ. ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട്. അതേസമയം, പ്രതികളെല്ലാവരും നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

സേലത്ത് നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് വിവരം. ലോറി ഡ്രൈവർ ഉൾപ്പെടെ 3 പേരെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയ സ്ഥലത്തെ ഹോളോബ്രിക്‌സ് നടത്തിപ്പ് ചുമതല ഉള്ള ആളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. ലോഡ് കടത്തിയ ഡ്രൈവറെ ഒന്നാം പ്രതിയാക്കിയാണ് തിരൂരങ്ങാടി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാത്ത രണ്ടുപേരെ കൂടെ പ്രതിചേർത്തിയിട്ടുണ്ട്. പൊലീസ് എത്തിയതിനു പിന്നാലെ എല്ലാവരും ഓടി രക്ഷപ്പെട്ടതിനാൽ, ഇവരെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്. പിടിച്ചെടുത്ത വിവിധ സാധനങ്ങൾ പൊലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ക്വാറികളിലും മറ്റും സ്ഫോടനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളാണ് അനധികൃതമായി കടത്തിയത്. വാഹനത്തിൽ നിന്ന് കിട്ടിയ രേഖകളെ അടിസ്ഥാനമാക്കിയാണ് നിലവിൽ പൊലീസ് നീക്കങ്ങൾ.
