യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുടിഎസ് ആപ്പ് മാര്‍ച്ച് മുതല്‍ പ്രവര്‍ത്തിക്കില്ല, ട്രെയിൻ ടിക്കറ്റിംഗിന് ഇനി റെയില്‍വണ്‍
ചെന്നൈ: സതേണ്‍ റെയില്‍വേയില്‍ നിലവിലുള്ള യുടിഎസ് മൊബൈല്‍ ആപ്പ് സേവനം മാർച്ച് ഒന്നു മുതല്‍ പൂർണ്ണമായും നിർത്തലാക്കുമെന്ന് റെയില്‍വെ അതോറിറ്റി.സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണ് നടപടി. യുടിഎസിന് പകരമായി ടിക്കറ്റിംഗ് സേവനങ്ങള്‍ക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങള്‍ക്കുമായി റെയില്‍ വണ്‍ എന്ന പുതിയ ആപ്പ് റെയില്‍വേ അവതരിപ്പിച്ചു.
ടിക്കറ്റിംഗിനും മറ്റ് യാത്രാ സേവനങ്ങള്‍ക്കുമുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി റെയില്‍ വണ്‍ ആപ്പ് മാറും. കൂടുതല്‍ ആധുനികവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഇന്റർഫേസാണ് പുതിയ ആപ്പിനുള്ളത്. നിലവില്‍ യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങളായ സീസണ്‍ ടിക്കറ്റ് ബുക്കിംഗ്, പുതുക്കല്‍, പുതിയ യൂസർ രജിസ്ട്രേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ ഇതിനോടകം തന്നെ നിർത്തലാക്കിയിട്ടുണ്ട്.

യുടിഎസ് ആപ്പ് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ തുടർന്നും കാണാൻ സാധ്യതയുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ല. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്താലും പഴയ സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് റെയില്‍വേ പ്രസ് ക്ലബ് കുറിപ്പില്‍ വ്യക്തമാക്കി. അതിനാല്‍ അടിയന്തരമായി യാത്രക്കാർ റെയില്‍ വണ്‍ ആപ്പിലേക്ക് മാറണമെന്നാണ് റെയില്‍വെയുടെ നിർദേശം.

