പറവണ്ണയിൽ വീടും മദ്റസയും കത്തി നശിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

തിരൂർ: പറവണ്ണ പുത്തങ്ങാടിയിൽ വീടും മദ്റസയും കത്തിനശിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിറാജുൽ ഉലൂം സുന്നി മദ്റസയും തൊട്ടടുത്ത് താമസിക്കുന്ന കളരിക്കൽ പാത്തുമോളുടെ വീടുമാണ് പൂർണ്ണമായും കത്തിനശിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പറവണ്ണ പുത്തങ്ങാടിയിലെ കളരിക്കൽ പാത്തുമോൾ താമസിക്കുന്ന ഓലകൊണ്ട് മേഞ്ഞ വീടിനാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് സമീപത്തെ സിറാജുൽ ഉലൂം സുന്നി മദ്റസയിലേക്കും തീ പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും തീ നിയന്തത്രണവിധേയമാക്കി. മൂന്ന് വർഷത്തോളമായി ഓലയും ഷീറ്റും മേഞ്ഞ ഈ താത്കാലിക കെ ട്ടിടത്തിലാണ് മദ്റസ പ്രവർത്തിക്കുന്നത്. 200 ഓളം കുട്ടികൾ പഠിക്കുന്ന മദ്റസയിൽ നാല് അധ്യാപകരാണ് ഉള്ളത്. നിലവിൽ നാട്ടുകാരുടെ പിന്തുണയോടെ മദ്റസാ കെട്ടിടം നിർമാണം നടക്കുന്നുണ്ട്. വർഷങ്ങളായി കളരിക്കൽ പാത്തുമോൾ താമസിക്കുന്ന വീടാണ് അഗ്നിക്കിരയായത്. പാത്തുമോൾ അയൽവക്കത്തെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.
അപകടകാരണം വ്യക്തമല്ല. പഞ്ചായത്തധികൃതർ, റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

