നിവിന് അഴിഞ്ഞാടാനുള്ള സ്ക്രിപ്റ്റ് ആണ് ‘ആക്ഷൻ ഹീറോ ബിജു 2’, ഡയലോഗുകള്‍ അടക്കം പൂര്‍ത്തിയായതാണ്: എബ്രിഡ് ഷൈൻ

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്.സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.
വളരെ സ്നേഹമുള്ള പരിചയമുള്ള ആളുകള്‍ തമ്മിലുള്ള തർക്കങ്ങള്‍ കാരണം ആണ് സിനിമ നീണ്ടു പോകുന്നതെന്ന് എബ്രിഡ് ഷൈൻ പറഞ്ഞു. നിവിന് അഴിഞ്ഞാടാനുള്ള സ്പേസ് സിനിമയില്‍ ഉണ്ടെന്നും എബ്രിഡ് ഷൈൻ പറഞ്ഞു. ‘ആക്ഷൻ ഹീറോ ബിജുവിന്റെ സ്ക്രിപ്റ്റ് മുഴുവൻ പൂർത്തിയായിരുന്നു. ഡയലോഗുകള്‍ അടക്കം ഉള്ള സ്ക്രിപ്റ്റ് ബൈൻഡ് ചെയ്തു ഞാൻ നിവിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. ഇനി അത് ഷൂട്ട് തുടങ്ങിയാല്‍ മതി എന്ന നിലയിലാണ്. വളരെ സ്നേഹമുള്ള പരിചയമുള്ള ആളുകള്‍ തമ്മിലുള്ള തർക്കങ്ങള്‍ കാരണം ആണ് അത് നീണ്ടു പോകുന്നത്. ഇമാജിനേഷനും ഫിക്ഷനും റിയലിസം ഒക്കെ കൂടി കൂട്ടിയാണ് ആക്ഷൻ ഹീറോ ബിജു 2 ഒരുക്കിയിരിക്കുന്നത്. അടിമുടി നിവിൻ അഴിഞ്ഞാടാനുള്ള ഒരു സ്ക്രിപ്റ്റ് ആണ് ആക്ഷൻ ഹീറോ ബിജു 2 ‘, എബ്രിഡ് ഷൈനിന്റെ വാക്കുകള്‍.

നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.
സർവ്വം മായ ആണ് അവസാനം പുറത്തിറങ്ങിയ നിവിൻ ചിത്രം. ഒടിടിയില്‍ സിനിമ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയേറ്ററില്‍ നിന്ന് 150 കോടി നേടിയിരിക്കുകയാണ് ചിത്രം. നിവിൻ പോളിയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുകയാണ്. നിവിന്റെ പ്രകടനത്തിനാണ് കയ്യടികള്‍ മുഴുവൻ ലഭിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യൻ ഒരുക്കിയ ചിത്രമാണ് സർവ്വം മായ. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണ് സർവ്വം മായ.

