Shobhika

സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഝാര്‍ഖണ്ഡ് ഒന്നാം ഇന്നിങ്സില്‍ 274-ന് പുറത്ത്


23 വയസ്സില്‍ താഴെയുള്ളവർക്കായുള്ള സി.കെ. നായുഡു ട്രോഫിയില്‍ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ല്‍ ഒതുക്കി കേരളം.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോള്‍ വിക്കറ്റ് പോകാതെ അഞ്ച് റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിൻ്റെ പ്രകടനമാണ് കേരളത്തിന് മുതല്‍ക്കൂട്ടായത്. മറുവശത്ത് 171 റണ്‍സെടുത്ത ഓപ്പണർ ശിഖർ മോഹനാണ് ഝാ‍ർഖണ്ഡ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഝാർഖണ്ഡിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ശിഖർ മോഹനും ശരണ്‍ദീപ് സിങ്ങും ചേർന്ന് ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ 20 റണ്‍സെടുത്ത ശരണ്‍ദീപിനെ പുറത്താക്കി അനുരാജാണ് ഝാർഖണ്ഡ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ തൊട്ടടുത്ത ഓവറില്‍ അനുരാജ് തന്നെ ബിശേഷ് ദത്തയെയും പുറത്താക്കി. തുടർന്നെത്തിയ ബാറ്റർമാർക്കും പിടിച്ചു നില്‍ക്കാനായില്ല. അനുരാജും കൈലാസ് ബി. നായരും ഷോണ്‍ റോജറും ചേർന്ന ബൗളിങ് സഖ്യം ഝാർഖണ്ഡ് ബാറ്റിങ്ങിന്റെ നടുവൊടിച്ചു. ഇതോടെ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 117 റണ്‍സെന്ന നിലയിലായിരുന്നു ഝാർഖണ്ഡ്.

എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ശിഖർ മോഹൻ വാലറ്റക്കാർക്കൊപ്പം നടത്തിയ ചെറുത്തുനില്‍പ്പാണ് ഝാർഖണ്ഡിന്റെ സ്കോർ 274-ല്‍ എത്തിച്ചത്. എട്ടാം വിക്കറ്റില്‍ തനീഷിനൊപ്പം 108 റണ്‍സാണ് ശിഖർ കൂട്ടിച്ചേർത്തത്. 31 റണ്‍സെടുത്ത തനീഷിനെ പുറത്താക്കി അനുരാജാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 171 റണ്‍സെടുത്ത ശിഖറിനെ പുറത്താക്കി അനുരാജ് തൻ്റെ അഞ്ച് വിക്കറ്റ് നേട്ടവും തികച്ചു. 251 പന്തുകളില്‍ 17 ബൗണ്ടറികളും നാല് സിക്സും അടങ്ങുന്നതായിരുന്നു ശിഖറിന്റെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി കൈലാസ് ബി. നായർ മൂന്നും ഷോണ്‍ റോജർ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും അക്ഷയ് എസ്. എസും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. കളി നിർത്തുമ്പോള്‍ ഒരു റണ്ണോടെ അക്ഷയും നാല് റണ്‍സോടെ അഭിഷേകും ക്രീസിലുണ്ട്.

1 st paragraph