മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് ഇന്ന് നാടിന് സമര്‍പ്പിക്കും

മലപ്പുറം ജില്ലയില്‍ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 14) ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്, കോട്ടക്കുന്നില്‍ സജ്ജമാക്കിയ ഒരു കോടിയുടെ ഫുഡ് സ്ട്രീറ്റ്, ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 55.5 ലക്ഷം രൂപയുടെ കുറ്റിത്തറമേല്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

നിലമ്പൂര്‍ ജില്ലാ ആപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 ന് മന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക്. 19 കോടി രൂപ ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ആദ്യഘട്ടം സജ്ജമാക്കിയിരിക്കുന്നത്. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാല് നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സെര്‍വേഷന്‍ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌കാന്‍ സംവിധാനം എന്നിവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാ രംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം വൈകുന്നേരം നാലിന് മന്ത്രി നിര്‍വഹിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുളള ഇടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപ ഉപയോഗിച്ച് കോട്ടക്കുന്നതില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിച്ചിട്ടുളളത്. ആദ്യ ഘട്ടത്തില്‍ നാല് സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമേല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം മൂന്നിന് മന്ത്രി നിര്‍വഹിക്കും.
