Shobhika

വിൻഡീസ് ഹോപ്; നേപ്പാളിനെ തകര്‍ത്ത് സൂപ്പര്‍ എട്ടില്‍


ടി20 ലോകകപ്പിലെ ഗ്രൂപ്പ് സി പോരില്‍ നേപ്പാളിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച്‌ വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത് നേപ്പാള്‍ മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എന്ന വിജയലക്ഷ്യം 24 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിൻഡീസ് മറികടന്നു.വിൻഡീസിനായി ക്യാപ്റ്റൻ ഷായ് ഹോപ് , ഹെറ്റ്മെയർ എന്നിവർ തിളങ്ങി. ഹോപ് 44 പന്തില്‍ മൂന്ന് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 61 റണ്‍സ് നേടി. ഹെറ്റ്മെയർ 32 പന്തില്‍ 46 റണ്‍സ് നേടി. ബ്രണ്ടൻ കിംഗ് 22 റണ്‍സ് നേടി.
നേരത്തെ വൻ തകർച്ചയോടെ തുടങ്ങിയ നേപ്പാളിനെ ദിപേന്ദ്ര സിങാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. താരം 47 പന്തില്‍ മൂന്ന് സികസറും മൂന്ന് ഫോറുകളും അടക്കം 58 റണ്‍സ് നേടി. 15 പന്തില്‍ 26 റണ്‍സ് നേടി സോമപാല്‍ കാമിയും സംഭാവന നല്‍കി. വിൻഡീസിനായി ജേസണ്‍ ഹോള്‍ഡർ നാല് വിക്കറ്റുകള്‍ നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച്‌ ആറ് പോയിന്റോടെ വിൻഡീസ് സൂപ്പർ എട്ട് ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും തോറ്റ നേപ്പാളിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.