Shobhika

ഹാള്‍ടിക്കറ്റ് വന്നെങ്കിലും പത്താം ക്ലാസ് പരീക്ഷ എഴുതാൻ പറ്റിയില്ല; കാരണം വ്യക്തമാക്കി വൈഭവ് സൂര്യവംശി


ഇന്ത്യ അണ്ടർ 19 ലോകകിരീടം ചൂടിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നേയുള്ളൂ. കലാശപ്പോരില്‍ വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റൻ സ്‌കോറുയർത്തിയത്.ഒടുവില്‍ 100 റണ്‍സിന്റെ കൂറ്റൻ ജയം കുറിച്ച്‌ ആറാം വിശ്വകിരീടത്തില്‍ മുത്തമിട്ടു. വൈഭവ് 80 പന്തില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. 218 സ്‌ട്രൈക്ക് റൈറ്റില്‍ ബാറ്റ് വീശിയ താരം 15 സിക്‌സറും 15 ഫോറും പായിച്ചു.
അതേ സമയം 14 വയസ് മാത്രം പ്രായമുള്ള വൈഭവ് പത്താം ക്ലാസ് ബോർഡ് എക്‌സാമിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ സി ബി എസ് ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതില്ല. അടുത്തിടെ നടന്ന അണ്ടര്‍-19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരം, പരിശീലന ക്യാമ്പുകളും ടൂര്‍ണമെന്റുകളും കാരണമാണ് പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചത്.

നിരന്തരമായ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വന്നതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വൈഭവിന്റെ പരീക്ഷാ ഫോമുകള്‍ പൂരിപ്പിക്കുകയും പൊദ്ദാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും ചെയ്തിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ പിതാവ് സഞ്ജീവ് സൂര്യവന്‍യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ വര്‍ഷം പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതെന്ന് മോഡസ്റ്റി സ്‌കൂള്‍ ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ പിന്റു അറിയിച്ചു. ബീഹാര്‍, താജ്പൂര്‍ സ്വദേശിയായ വൈഭവ്, അവിടുത്തെ മോഡസ്റ്റി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് വൈഭവ് ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇന്ത്യൻ അണ്ടർ 19 ടീമിലെ സ്ഥിരം സാന്നിധ്യമായി. ദേശീയ കുപ്പായത്തില്‍ സെഞ്ച്വറികള്‍ നേടുന്നത് തുടർക്കഥയാക്കിയ വൈഭവ് ഡൊമസ്റ്റിക് ക്രിക്കറ്റിലും ബിഹാറിനായും അതാവർത്തിച്ചു. അനധിവിദൂര ഭാവിയില്‍ തന്നെ ഇന്ത്യൻ സീനിയർ ടീമിലും വൈഭവിനെ കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

1 st paragraph