നവീകരിച്ച തിരൂർ മലപ്പുറം റോഡ് ഉദ്ഘാടനം ചെയ്തു

താനൂർ നിയോജകമണ്ഡലത്തിലെ തിരൂർ മലപ്പുറം റോഡ് ബി. എം & ബി.സി ചെയ്ത നവീകരിച്ചതിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ – കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനപാതയിൽ ഉൾപ്പെടുന്ന തിരൂർ – മലപ്പുറം റോഡിൽ തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെയുള്ള നവീകരണ പ്രവൃത്തിയാണ് നടന്നത്.
2017 – 18 ലെ ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തി, പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിന് ആറുകോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. 92 പേർ ഭൂമി വിട്ടു നൽകി. പുരാതന വ്യാപാര കേന്ദ്രമായിരുന്നു തലക്കടത്തൂർ അങ്ങാടിയിൽ റോഡിന്റെ ഇരുഭാഗത്തുനിന്നും സ്വകാര്യ വ്യക്തികൾ ശരാശരി രണ്ട് മീറ്റർ വീതിയിൽ ഭൂമി വിട്ടു നൽകി. അത്യാവശ്യ സ്ഥലങ്ങളിൽ ഗ്രേറ്റിംഗ്സോടുകൂടിയ കാനകളുടെ നിർമ്മാണവും ഐറിഷ് ഡ്രൈൻ നിർമ്മാണവും റോഡ് സുരക്ഷയ്ക്കായുള്ള റോഡ് മാർക്കിങ്ങും സൈൻ ബോർഡുകളും പ്രവൃത്തിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു.

ചടങ്ങിൽ പി.ഡബ്ല്യു.ഡി നിരത്തുകൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ എ.ജമാൽ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. നൗഷാദ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി നാസർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി, പി.ഡബ്ല്യു.ഡി നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി ബിന്ദു, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി ഇ. ജയൻ, സംസ്ഥാന ബോർഡ് മെമ്പർ സി.എൻ ഉസ്മാൻ ഹാജി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജലീൽ മയൂര, വ്യാപാരി വ്യവസായി പ്രതിനിധി പുഴക്കൽ കുഞ്ഞാലൻകുട്ടി, കൂടാതെ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
