Shobhika

‘ക്യാച്ച്‌ എടുക്കാന്‍ അറിയില്ലേ?’ കുല്‍ദീപിനെ നിര്‍ത്തിപ്പൊരിച്ച്‌ ഹാര്‍ദിക്കും സൂര്യയും, വൈറലായി വീഡിയോ


2026 ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു.
പാകിസ്താനെതിരെ വിജയം സ്വന്തമാക്കിയെങ്കിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയുടെ പിഴവുകള്‍ ഏറെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിരവധി ക്യാച്ചുകള്‍ ഇന്ത്യൻ ടീം നഷ്ടപ്പെടുത്തിയിരുന്നു. ഗ്രൗണ്ടില്‍ വെച്ച്‌ തന്നെ ഈ വിഷയത്തില്‍ ഹാർദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും തമ്മില്‍ തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

മത്സരശേഷം ഇന്ത്യൻ താരങ്ങള്‍ ഹസ്‌തദാനം നല്‍കുമ്പോഴാണ് സംഭവം ഉണ്ടായത്. കുല്‍ദീപ് യാദവിന് അടുത്തെത്തിയ ഹാർദിക് പാണ്ഡ്യ ചൂടാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥിതി വഷളാകാതിരിക്കാനായി റിങ്കു സിങ് ഇടപെടുന്നതും വീഡിയോയില്‍ കാണാം.ഹാർദിക്കിന്റെ ഓവറിലെ രണ്ടാമത്തെ പന്തില്‍ ഷഹീൻ അഫ്രീദി ഒരു പുള്‍ ഷോട്ട് കളിച്ചിരുന്നു. ബൗണ്ടറി ലൈനിന് സമീപം നിന്നിരുന്ന കുല്‍ദീപിന്റെ അടുത്തേക്ക് പന്ത് എത്തിയെങ്കിലും താരത്തിന് അത് കയ്യിലൊതുക്കാൻ കഴിഞ്ഞില്ല. മാത്രവുമല്ല പന്ത് ബൗണ്ടറി കടന്ന് സിക്‌സ് ആയി മാറുകയും ചെയ്തു. ഇതാണ് ഹാർദിക്കിനെ ചൊടിപ്പിച്ചത്. ക്യാച്ച്‌ നഷ്ടപ്പെടുത്തിയത് കണ്ട ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും കുല്‍ദീപിനോട് സംസാരിച്ചിരുന്നു.

1 st paragraph