ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല; ഫയർഫോഴ്സിന്റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറും.

തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ജയലക്ഷ്മി സിൽക്‌സ് മാനേജരുടെ പരാതിയിലാണ് കേസ്. അതേസമയം, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫയർഫോഴ്‌സിന്റെ പരിശോധനാ റിപ്പോർട്ട്. കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായാണ് പ്രവർത്തിച്ചിരുന്നതെന്നും ഫയർഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.
ജയലക്ഷ്മി സിൽക്‌സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടർന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാൻ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാൻ ആരംഭിച്ചു. തീ ആളിപ്പടർന്നതോടെ കരിപ്പൂർ എയർപോർട്ടിൽ നിന്നും അത്യാധുനിക ഫയർ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാൻ വിഷു വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്‌റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയിൽ തീ പിടിച്ചിരുന്നു.

