മന്ദാനയ്ക്കും ജെമീമയ്ക്കും തകര്‍പ്പൻ ഫിഫ്റ്റി; മൂന്നാം ടി 20 യില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ. 17 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ നേടിയത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഓസീസിന്റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ഒരു ടി 20 പരമ്പര ജയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും അർധ സെഞ്ച്വറിയുമായി തിളങ്ങി. മന്ദാന 55 പന്തില്‍ മൂന്ന് സിക്‌സറും എട്ട് ഫോറുകളും അടക്കം 82 റണ്‍സ് നേടി. ജെമീമ 46 പന്തില്‍ നാല് ഫോറുകളും അടക്കം 59 റണ്‍സും നേടി.
ഓസീസിന് വേണ്ടി മറുപടി ബാറ്റിങ്ങില്‍ ആഷ്‌ലി ഗാർഡ്നർ 45 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുകളും അടക്കം 57 റണ്‍സ് നേടി. ലിച്ച്‌ഫീല്‍ഡ് 17 പന്തില്‍ 26 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ചരണി മൂന്ന് വിക്കറ്റ് നേടി.

