ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യില്‍ ആരംഭിച്ച വനിത വിശ്രമ കേന്ദ്രം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. അറിവ് നേടുന്നതോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. വിശ്രമ കേന്ദ്രത്തിന്റെ ശിലാഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ചെറിയമുണ്ടം മേഖല നേരിടുന്ന പ്രധാന പ്രശ്‌നമായ കുടിവെള്ളത്തിന് ശാശ്വത പരിഹാരമായി 15 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് വൈകാതെ തുടക്കം കുറിക്കുമെന്നും പദ്ധതി പൊന്മുണ്ടം, നിറമരുതൂര്‍, താനാളൂര്‍ എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തുകയെന്നും മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 36.2 ലക്ഷം രൂപ ചെലവില്‍ 1300 സ്വകയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണ് വിശ്രമകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തില്‍ രണ്ടു ബെഡ്‌റൂമുകള്‍ ഒരു ഡൈനിങ് ഏരിയ, രണ്ടു ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ട്.
ചടങ്ങില്‍ ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ കെ.ആര്‍. ബീന റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇന്‍ഡസ്ട്രിയല്‍ ട്രയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ എസ്. വികാസ്, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അബ്ദുള്‍ നാസര്‍, മെമ്പര്‍ സി.ടി അബ്ദുള്‍ റഷീദ്, അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി. ഉണ്ണികൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് കെ.സല്‍മ, പ്രിന്‍സിപ്പല്‍ എം.വി വിജയപ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

