വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം- മുതവല്ലീസ് അസോസിയേഷന്‍

മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങള്‍ ഒരുപാടുണ്ട്. 1962ല്‍ വഖഫ് ബോര്‍ഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വന്തം ഭൂമി നല്‍കിയ മുതവല്ലിമാരെ എല്ലാ കാലത്തും മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം. ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തില്‍ വഖഫ് സ്വത്തുക്കളിലുള്‍പ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. കയ്യേറ്റവും അനധികൃത രേഖകളുണ്ടാക്കി വില്‍പ്പനയും നടത്തിയതാണ് നഷ്ടപ്പെടാന്‍ കാരണം. ഇത്തരത്തിലുള്ള വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാറും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. വഖഫ് സ്വത്തായി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഭൂമികള്‍ സംരക്ഷിക്കാനും നടപടികള്‍ വേണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന് എല്ലാവിധ സഹായവും പിന്തുണയും നല്‍കാന്‍ കേരളാ മുതവല്ലി അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്തെ പല വഖഫിലുള്‍പ്പെട്ട സ്വത്തുക്കള്‍ക്കും നികുതി അടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. രേഖകളുടെ അപര്യാപ്തതയാണ് പ്രധാന കാരണം. നികുതി സ്വീകരിക്കാത്തത് ഈ വഖഫ് സ്വത്തുക്കള്‍ കാലക്രമത്തില്‍ അന്യാധീനപ്പെടാന്‍ കാരണമായേക്കുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ സര്‍ക്കാറും റവന്യു വകുപ്പും വഖഫ് സ്വത്തുക്കളുടെ നികുതിക്കാര്യത്തില്‍ അടിയന്തിരമായ ഇടപെട്ട് നികുതി അടക്കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണം. അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് കോടതികളിലും ട്രൈബ്യൂണലുകളിലും അനന്തമായി നീളുന്ന ഒരുപാട് കേസുകളുണ്ട്. കേസുകളിലെ വിധിയിലുണ്ടാകുന്ന കാലതാമസം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നതിലേക്ക് എത്തുന്ന അനുഭവങ്ങളുമുണ്ട്. അതിനാല്‍ വഖഫ് സ്വത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കാലബന്ധിതമായി തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് മുന്‍കയ്യെടുക്കണമെന്നും കേരള മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ കേരള മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എഞ്ചിനീയര്‍ അഹമ്മദ് മൂപ്പന്‍, ജനറല്‍ സെക്രട്ടറി കെ.പി.ഒ. റഹ്മത്തുല്ല, സംസ്ഥാന സമിതി അംഗം കൊളക്കാട്ടില്‍ കുഞ്ഞിമുഹമ്മദ് എന്ന പൂച്ച്യാപ്പു എന്നിവര്‍ പങ്കെടുത്തു.
