‘ആ തോല്‍വി ഞങ്ങള്‍ മറന്നുകഴിഞ്ഞു’; ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തിന് മുന്നെ ഡീ കോക്ക്

2024 ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയെക്കുറിച്ച് തുറന്നു സംസാരിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് .അഹമ്മദാബാദിലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ തോല്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ടീം പാടെ ഉപേക്ഷിച്ചുവെന്ന് ഡി കോക്ക് വെളിപ്പെടുത്തി.
‘മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളാണത്. സത്യം പറഞ്ഞാല്‍, ആ മത്സരത്തിന് ശേഷം ഞങ്ങള്‍ അത് പാടെ മറന്നു. ഞങ്ങളില്‍ ആരും അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിച്ചിരുന്നില്ല. വീട്ടിലേക്ക് മടങ്ങിയ ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായ രീതിയിലാണ് ആ വിഷമത്തില്‍ നിന്ന് കരകയറിയത്. അതിന് ശേഷം ഞങ്ങള്‍ ഒരിക്കല്‍ പോലും ആ ഫൈനലിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.’ വാർത്താ സമ്മേളനത്തില്‍ ഡി കോക്ക് പറഞ്ഞു. നാളത്തെ മത്സരത്തില്‍ സമ്മര്‍ദ്ദത്തെ ആര് മികച്ച രീതിയില്‍ അതിജീവിക്കുന്നുവോ അവര്‍ക്കായിരിക്കും വിജയമെന്നും ഡി കോക്ക് കൂട്ടിച്ചേര്‍ത്തു.
അവസാന നിമിഷമാണ് 2024 ടി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്നും ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ബാര്‍ബഡോസില്‍ നടന്ന ആ ഫൈനലില്‍ അവസാന 30 പന്തില്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍. ഹെന്റിച്ച് ക്ലാസന്‍ തകര്‍ത്തടിക്കുമ്പോള്‍ കിരീടം ദക്ഷിണാഫ്രിക്ക ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ ബ്രേക്ക് ത്രൂവും സൂര്യകുമാർ യാദവിന്റെ അത്ഭുത ക്യാച്ചും ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയും കിരീടം ഇന്ത്യയുടെ ഷെല്‍ഫിലെത്തിച്ചു.
അതേ സാമ്യം 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണമുള്ള സൂപ്പർ എട്ട് പോരാട്ടത്തിന് രാത്രി ഏഴ് മണി മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകും.

ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളുടെയും വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്‌എ എന്നീ ടീമുകളെ തകര്‍ത്ത് അപരാജിതരായാണ് ഇന്ത്യ വരുന്നത്. മറുവശത്ത് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ എന്നിവരെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്കയും കരുത്ത് തെളിയിച്ചു കഴിഞ്ഞു.
