രഞ്ജി ട്രോഫി ഫൈനല്‍; ആദ്യദിനം കര്‍ണാടകയെ വിറപ്പിച്ച് ജമ്മു, ശുഭം പുന്ദീറിന് സെഞ്ച്വറി

രഞ്ജി ട്രോഫിയില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന് ഫൈനലില്‍ മികച്ച തുടക്കം. എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയ്‌ക്കെതിരായ ആദ്യദിനം ശക്തമായ നിലയിലാണ് ജമ്മു.ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന മികച്ച നിലയിലാണ് ജമ്മു കശ്‌മീര്‍. 27-കാരനായ ശുഭം പുന്ദീറിന്‍റെ മിന്നും സെഞ്ച്വറിയും അബ്ദുള്‍ സമദ്, യാവർ ഹസൻ എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ജമ്മുവിന് കരുത്തായത്.
ടോസ് നേടിയ ജമ്മു ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ഓപ്പണർ ഖമ്രാന്‍ ഇഖ്ബാലിനെ (6) തുടക്കം തന്നെ നഷ്ടമായെങ്കിലും, യാവര്‍ ഹസന്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചു. 150 പന്തില്‍ 88 റണ്‍സ് നേടിയ യാവര്‍ 13 ഫോറുകള്‍ നേടി മികച്ച ഇന്നിങ്സ് കളിച്ചു. എന്നാല്‍ ഇന്നത്തെ താരം 221 പന്തില്‍ 117 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന ശുഭം പുന്ദീര്‍ ആണ്. നായകൻ പരാസ് ഡോഗ്ര 9 റണ്‍സ് നേടിയ ശേഷം പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങിയെങ്കിലും പിന്നീടെത്തിയ ഓള്‍ റൗണ്ടർ അബ്ദുല്‍ സമദ് 67 പന്തില്‍ 52 റണ്‍സോടെ ക്രീസില്‍ തന്നെയുണ്ട്.
കര്‍ണാടകയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 36 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിത്തിളങ്ങി. വിക്കറ്റ് നേടാൻ ആയില്ലെങ്കിലും 18 ഓവറില്‍ വെറും 25 റണ്‍സ് മാത്രം വഴങ്ങിയ വിജയകുമാര്‍ വ്യശാകും എതിരാളികളില്‍ സമ്മർദ്ദം സൃഷ്ടിച്ചു. ആദ്യ ദിനം പൂര്‍ണമായും നിയന്ത്രണത്തിലാക്കാൻ ജമ്മു കശ്മീരിന് സാധിച്ചു.

