സെമിയും ഫൈനലും കാണാൻ ടിക്കറ്റ് എടുത്തോളൂ! പാകിസ്താന്‍ ‘ജയിച്ചാല്‍’ റീഫണ്ട് തരുമെന്ന് ഐസിസി

2026 ടി20 ലോകകപ്പില്‍ സൂപ്പർ എട്ട് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ സെമിഫൈനലുകള്‍ക്കും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
അതേസമയം വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാല്‍ ടിക്കറ്റിന്റെ പണം മടക്കി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഐസിസി. പാകിസ്താൻ ടീം സെമി ഫൈനലിലോ ഫൈനലിലോ പ്രവേശിക്കുകയാണെങ്കില്‍ കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്ക് ടിക്കറ്റ് എടുത്തവർക്ക് മുഴുവൻ തുകയും തിരികെ നല്‍കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. പാക് ടീമിന്റെ പ്രകടനം അനുസരിച്ച് മത്സരവേദികളില്‍ മാറ്റം വരാൻ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം.
സെമി ഫൈനലില്‍ പാകിസ്താൻ യോഗ്യത നേടുകയാണെങ്കില്‍, മാർച്ച് നാലിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ഈ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടക്കേണ്ട ഒന്നാം സെമി ഫൈനലിന്റെ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നല്‍കും.
അതുപോലെത്തന്നെ പാകിസ്താൻ ഫൈനലില്‍ എത്തുകയാണെങ്കില്‍ മത്സരം അഹമ്മദാബാദില്‍ നിന്ന് കൊളംബോയിലേക്ക് മാറ്റും. ഈ സാഹചര്യത്തിലും അഹമ്മദാബാദിലെ ഫൈനലിന് ടിക്കറ്റെടുത്ത ആരാധകർക്ക് റീഫണ്ട് ലഭിക്കുന്നതായിരിക്കും.

ശ്രീലങ്ക ടീം ഇന്ത്യക്കെതിരെ അല്ലാതെ മറ്റേതെങ്കിലും ടീമിനെതിരെയാണ് സെമി ഫൈനല്‍ കളിക്കുന്നതെങ്കില്‍ ആ മത്സരവും കൊളംബോയിലായിരിക്കും നടക്കുക. ഇത്തരത്തില്‍ വേദികളില്‍ മാറ്റം വരികയാണെങ്കില്‍ ടിക്കറ്റ് തുക ആരാധകർക്ക് തിരികെ നല്‍കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്.
നിലവില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മത്സരക്രമവും വേദിയും ചുരുക്കത്തില്‍:
ഒന്നാം സെമി ഫൈനല്‍: മാർച്ച് 4 (കൊല്‍ക്കത്ത അല്ലെങ്കില്‍ കൊളംബോ)
രണ്ടാം സെമി ഫൈനല്‍: മാർച്ച് 5 (മുംബൈ, വാംഖഡെ സ്റ്റേഡിയം)
ഫൈനല്‍: മാർച്ച് 8 (അഹമ്മദാബാദ് അല്ലെങ്കില്‍ കൊളംബോ)

